കടബാധ്യത മറികടക്കാൻ മാലപിടിച്ചു പറിച്ച  മുൻപ്രവാസിയായ യുവാവ് അറസ്റ്റിൽ പിടിയിലായത് കണ്ണൂർ ചക്കരക്കൽ സ്വദേശി സർഫറാസ്

സാമ്പത്തിക കടബാധ്യതകൾ മറികടക്കുന്നതിനായി മാല മോഷണത്തിന് ഇറങ്ങിയ യുവാവ് പൊലിസിൻ്റെ ശാസ്ത്രീയമായ അന്വേഷണത്തിൽ അറസ്റ്റിലായി. ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശിയായ സർഫറാസാണ് (28) സ്ത്രീയുടെ മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായത്. 
 
പിടിവലിക്കിടെ ഒന്നേകാൽ പവൻ മാത്രമേ ഇയാൾക്ക് കൊണ്ടു പോവാനായുള്ളു. ഇതുമായി രക്ഷപ്പെട്ട സർഫറാസിനെ ആദ്യ ദിവസങ്ങളിൽ സൂചനയൊന്നും ലഭിക്കാത്തതിനാൽ പൊലിസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല

കണ്ണൂർ / ചക്കരക്കൽ: സാമ്പത്തിക കടബാധ്യതകൾ മറികടക്കുന്നതിനായി മാല മോഷണത്തിന് ഇറങ്ങിയ യുവാവ് പൊലിസിൻ്റെ ശാസ്ത്രീയമായ അന്വേഷണത്തിൽ അറസ്റ്റിലായി. ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശിയായ സർഫറാസാണ് (28) സ്ത്രീയുടെ മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായത്. 

സി.ഐ എം.പി ആസാദിൻ്റെ നേതൃത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലു ദിവസം കൊണ്ടു പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ച പകലാണ് സംഭവം. തിലാന്നൂരിലെ ഒരു കടയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെ കയറിയ സർഫറാസ് അവിടെ യുണ്ടായിരുന്ന കടയുടമയുടെ അഞ്ചു പവൻ്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. 

പിടിവലിക്കിടെ ഒന്നേകാൽ പവൻ മാത്രമേ ഇയാൾക്ക് കൊണ്ടു പോവാനായുള്ളു. ഇതുമായി രക്ഷപ്പെട്ട സർഫറാസിനെ ആദ്യ ദിവസങ്ങളിൽ സൂചനയൊന്നും ലഭിക്കാത്തതിനാൽ പൊലിസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. കടയുടെയും സമീപത്തെയും സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലിസിന് നിർണായക തെളിവു ലഭിച്ചത്. 

പ്രതി സഞ്ചരിച്ചിരുന്ന ഹീറോ എക്സെന്ന പുത്തൻ ബൈക്കാണ് കേസിൽ വഴിത്തിരിവായത്. ജില്ലയിൽ വളരെ അപൂർവ്വം പേർക്ക് മാത്രമേ ഈ ബൈക്കുണ്ടായിരുന്നുള്ളു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇതേ വാഹനങ്ങൾ വാങ്ങിയവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. അവർക്കൊപ്പം സർഫറാസുമുണ്ടായിരുന്നു.

സ്റ്റേഷനിലെത്തിയ ഇയാൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ചിത്രവുമായുള്ള സാമ്യം കാരണമാണ് കുടുങ്ങിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും തിരിച്ചറിഞ്ഞതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. 

നേരത്തെ ഗൾഫിലായിരുന്ന ഇയാൾ കൊവിഡ് കാലത്ത നാട്ടിലെത്തുകയായിരുന്നു. ഇതിനു ശേഷം ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായതോടെയാണ് കവർച്ച നടത്താൻ തീരുമാനിച്ചത്. സർഫറാസ് മോഷ്ടിച്ച സ്വർണം ചക്കരക്കല്ലിലെ ഒരു ജ്വല്ലറിയിൽ നിന്നും വിറ്റ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു വിറ്റ വകയിൽ 54000 രൂപ ലഭിച്ചതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.