ശബരിമല അയ്യപ്പ സംഗമത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ല : സി. സദാനന്ദൻ എം.പി

ശബരിമല അയ്യപ്പ സംഗമത്തിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ നേരത്തെ യുവതി പ്രവേശനപ്രക്ഷോഭവവുമായി ബന്ധപ്പെട്ടു സമരം നടത്തിയവർക്കെതിരെ കേസുകൾ പിൻവലിക്കണമെന്ന് രാജ്യസഭാ എം.പി യും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ സി. സദാനന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


കണ്ണൂർ : ശബരിമല അയ്യപ്പ സംഗമത്തിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ നേരത്തെ യുവതി പ്രവേശനപ്രക്ഷോഭവവുമായി ബന്ധപ്പെട്ടു സമരം നടത്തിയവർക്കെതിരെ കേസുകൾ പിൻവലിക്കണമെന്ന് രാജ്യസഭാ എം.പി യും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ സി. സദാനന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തിൽ സർക്കാരിൻ്റെ ഉദ്യേശശുദ്ധിയിൽ തനിക്കു മാത്രമല്ല പാർട്ടിക്കും സംശയമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകളും മറ്റു ചിലതും വളരെ പെട്ടെന്ന് തന്നെ പിൻവലിച്ചിട്ടുണ്ട്. എന്നാൽ ശബരിമല വിഷയത്തിൽ അതുണ്ടായില്ല ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ ദേവസ്വം ബോർഡ് കോടതിയിൽ അപ്പീൽ നൽകാൻ പോകുന്നുവെന്ന കാര്യം സ്വാഗതാർഹമാണ്.

 ശബരിമലയിൽ ദർശനം നടത്തുന്നവരിൽ ഭൂരിഭാഗവും ഭരിക്കുന്ന പാർട്ടിയുമായി അടുപ്പമുള്ളവരാണ്. എന്നാൽ അടുപ്പമുള്ളവരെ ദ്രോഹിക്കുന്ന സമീപനമാണ് സർക്കാരും ഭരിക്കുന്നപാർട്ടിയും  സ്വീകരിച്ചത്. എന്തിനാണ് അവർ അടുപ്പമുള്ളവരെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും സദാനന്ദൻ മാസ്റ്റർ ചോദിച്ചു. ശബരിമലയിലേക്ക് തീർത്ഥാടനത്തിന് പോകാൻ മാലയിട്ട വരെ പാർട്ടിയിൽ നിന്നും പുറത്താക്കിയ സംഭവങ്ങൾ ഈ കേരളത്തിലുണ്ടായിട്ടുണ്ട്. അയ്യപ്പ സംഗമത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്ന് വ്യക്തമാണ്. ഈ കാര്യത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയത്. പ്രക്ഷോഭം നടത്തിയതിന് അന്നത്തെ പ്രമുഖരായ നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതൊന്നും ഇനിയും പിൻവലിച്ചിട്ടില്ല. കണ്ണൂരിൻ്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും പ്രവർത്തിക്കണം. ഒരു പാലമോ റോഡോ നാട്ടിൽ വന്നാൽ അതിൻ്റെ ഗുണം എല്ലാവർക്കുമാണ്. 

കണ്ണൂർ വിമാനതാവളത്തിൻ്റെ വികസനമുണ്ടായാൽ ഒരു പ്രദേശത്തിനും ജില്ലയ്ക്കും തന്നെ അതു പ്രയോജനം നൽകും. പോയൻ്റ് ഓഫ് കോൾ പദവി അനുവദിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി നേരിട്ടല്ലാതെ ബന്ധപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തിൽ അനുമതി കിട്ടുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പരിശ്രമിക്കും. കേരളത്തിൽ മൂന്ന് വിമാനതാവളങ്ങൾക്ക് പോയൻ്റ് ഓഫ് കോൾ പദവിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാലാമതൊരു വിമാനതാവളത്തിന് അനുമതി ലഭിക്കേണ്ട തടസമാണ് ഇപ്പോഴുള്ളത്. ഇതിൽ മാറ്റമുണ്ടാക്കാൻ എല്ലാവരും ചേർന്ന് പരിശ്രമിക്കണം. റെയിൽവെ വികസനത്തിൻ്റെ കാര്യത്തിൽ ഭൂമി സ്വകാര്യ പാട്ടത്തിന് നൽകിയതിലെ പരാതികൾ പരിശോധിക്കും. പഴയ കാര്യങ്ങൾ പറഞ്ഞ് കണ്ണൂരിൻ്റെ നിലവിലുള്ള സമാധാന അന്തരീക്ഷം തകരാൻ താനാഗ്രഹിക്കുന്നില്ല. 

ഒരുപാട് ബലിദാനികൾ ജീവൻ അർപ്പിച്ചതിൻ്റെ ഫലമായാണ് തൻ്റെ എം.പി സ്ഥാനം. പ്രധാനമന്ത്രി വിഭാവനം ചെയ്ത വികസിത ഭാരതത്തിനായി താൻ പ്രവർത്തിക്കും. മുഴുവൻ ജനങ്ങൾക്കും വേണ്ടിയുള്ള വികസനമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യം നൂറാം വാർഷികത്തിലെത്തുമ്പോൾ ഈ കാര്യം സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്നതു പ്രകാരമാണ് തന്നെ രാഷ്ട്രപതി നോമിനേറ്റ് ചെയ്തത്. ഇതിനെതിരെ കോടതിയെ സമീപിക്കുന്നവർ ചെയ്യുന്നത് രാഷ്ട്രപതി സ്ഥാനത്തെ അപകീർത്തിപ്പെടുത്തു ക യാണെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു. മീറ്റ് ദ പ്രസിൽ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ അധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത് പങ്കെടുത്തു. പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതവും ട്രഷറർ കെ.സതീശൻനന്ദിയും പറഞ്ഞു.