കണ്ണൂർ തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച: വീട്ടുടമയുടെ ബന്ധു ഉൾപ്പെടെ രണ്ടു പേർ റിമാൻഡിൽ

തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഴിക്കോട് ഉപ്പായിച്ചാലിലെ റനീസെന്ന ബദർ (27) എവി അബ്ദുൾ റഹീം (54) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി ചൊവ്വാഴ്ച്ച രാവിലെ  അറസ്റ്റുചെയ്തത്

 

കണ്ണൂർ: തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഴിക്കോട് ഉപ്പായിച്ചാലിലെ റനീസെന്ന ബദർ (27) എവി അബ്ദുൾ റഹീം (54) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി ചൊവ്വാഴ്ച്ച രാവിലെ  അറസ്റ്റുചെയ്തത്. കേസിലെ മറ്റൊരു പ്രതി അഴീക്കോട് ചാൽ സ്വദേശി ധനേഷ് ഗൾഫിലേക്ക് കടന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ അബ്ദുൾ റഹീം കവർച്ച നടന്ന വീട്ടുടമയുടെ അടുത്ത ബന്ധുവാണ്. ഇയാളാണ് കവർച്ച നടത്താൻ സഹായം നൽകിയതെന്നും തളാപ്പ്കോട്ടമ്മാർ കണ്ടിയിലെ വീട് പ്രതികൾക്ക് കാട്ടി കൊടുത്തതെന്നും പൊലിസ് പറഞ്ഞു.

തളാപ്പ്കോട്ടമ്മാർ കണ്ടിക്ക് സമീപത്തെ ഉമൈബയുടെ വീട്ടിലാണ് ഡിസംബർ 30 ന് മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 സ്വർണ നാണയങ്ങൾ. രണ്ട് പവൻ്റെ മാല,'88000 രൂപ എന്നിവയാണ് മോഷണം പോയത്. സമീപത്തെ നൂറോളം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിനു ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ  നവംബറിൽ അലവിൽ ആറാം കോട്ടത്തെ വീട്ടിൽ നിന്ന് റനീസ് രണ്ടു പവൻ സ്വർണം കവർന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. മലപ്പുറം തിരൂരിലും വളപട്ടണം സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ എൻ.ഡി.പി. എസ് കേസിലും പ്രതിയാണ് ഇയാൾ. എസ്. ഐമാരായ അനുരൂപ് 'എസ്.ഐ വിശാഖ്, സി.പി.ഒമാരായ സി.പി നാസർ, ബൈജു, സനൂപ്. റമീസ്,മിഥുൻ ഷിനോജ്, അനീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.