ഇരിട്ടി നിത്യസഹായ മാത ദേവാലയത്തിലെ കവർച്ച : പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

ഇരിട്ടി ടൗണിലെ നിത്യസഹായ മാത ദേവാലയത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. പള്ളിയുടെ നിത്യാരാധന ചാപ്പലിൻ്റെ കതക് പൊളിച്ചു അകത്ത് കടന്ന മോഷ്ടാവ് രണ്ട് നേർച്ചപ്പെട്ടിയും ഒരു കാരുണ്യ നിധി ബോക്സും കുത്തിപ്പൊളിച്ചാണ് പണം കവർന്നത്.

 

ഇരിട്ടി : ഇരിട്ടി ടൗണിലെ നിത്യസഹായ മാത ദേവാലയത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. പള്ളിയുടെ നിത്യാരാധന ചാപ്പലിൻ്റെ കതക് പൊളിച്ചു അകത്ത് കടന്ന മോഷ്ടാവ് രണ്ട് നേർച്ചപ്പെട്ടിയും ഒരു കാരുണ്യ നിധി ബോക്സും കുത്തിപ്പൊളിച്ചാണ് പണം കവർന്നത്.

പള്ളിക്ക് ഉള്ളിൽ നിന്നും ലോഹത്തിൽ തീർത്ത നേർച്ചപ്പെട്ടി പുറത്തെടുത്തു കൊണ്ടുവന്നു കുത്തിപ്പൊളിക്കുകയായിരുന്നു. ഏകദേശം കാൽ ലക്ഷം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം. വ്യാഴാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് മോഷണം നടന്നത്.

സി.സി.ടി.വി കളിൽ മുഖം തുണികൊണ്ടു മറച്ചിട്ടുള്ള മോഷ്ടാവിൻ്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്. മോഷണം നടക്കുന്ന സമയത്ത് വികാരി ഫാദർ ബിനു ക്ളീറ്റസ് മാത്രമാണ് അവിടെയുണ്ടായിരുന്നത്. നല്ല ഉറക്കത്തിനായതിനാൽ അദ്ദേഹം മോഷണം നടക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. രാവിലെ കപ്യാർ പള്ളി തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

 തുടർന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി എസ്.ഐ ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിട്ടി ടൗണിൽ മോഷണം പതിവാകുന്നത് വ്യാപാരികളെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുൻപ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടന്ന മോഷണത്തിൽ 25,000 രൂപ നഷ്ടപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നതിനിടെയാണ് സമീപത്തുതന്നെ വീണ്ടും മോഷണം നടന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് മൊബൈൽ ഷോപ്പുകളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളായ രണ്ടു പേരെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇരിട്ടി നഗരത്തിലെ രണ്ട് ജ്വല്ലറികളിലും മോഷണം നടന്നിരുന്നു.