നമ്മളോരോരുത്തരും സ്വയം പ്രശ്ന പരിഹാര കമ്മീഷനായാൽ മറ്റ് കമ്മീഷനുകൾ ആവശ്യമില്ല : ജസ്റ്റീസ് ആർ.എൽ. ബൈജു
ചക്കരക്കൽ: കുടുംബാംഗങ്ങൾ പരസ്പരം തുറന്നു സംസാരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വനിതാ -പുരുഷാ കമ്മീഷനുകളോ, മനുഷ്യാവകാശ കമ്മീഷനോ നാട്ടിൽ ആവശ്യം വരില്ലെന്ന് കണ്ണൂർ കുടുംബകോടതി ജഡ്ജി ജസ്റ്റീസ് ആർ.എൽ. ബൈജു. കുടുംബ പ്രശ്ന പരിഹാര കമ്മീഷനാകാൻ നമ്മുക്ക് സ്വയം സാധിച്ചാൽ കുടുംബത്തിലും സമൂഹത്തിലും സന്തോഷ വും സമാധാനവും കൈവരുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പാട് ആരോഗ്യ ഉപകേന്ദ്രത്തിന് സമീപം വിബ്ജ്യോർ റസിഡൻറ്സ് അസോസിയേഷൻ പുതുവർഷാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ജസ്റ്റീസ് ആർ.എൽ. ബൈജു.
കുടുംബാംഗങ്ങൾക്കിടയിലെ ഇന്നത്തെ പ്രധാന വില്ലൻ മദ്യവും മയക്കുമരുന്നുമാണ്. മദ്യപാനം ആണത്വത്തിൻറെ പ്രതീകമാണെന്നാണ് പുരുഷന്മാർ വിശ്വാസിക്കുന്നത്. പുറത്തിറങ്ങി അടിപിടികൂടി യാലെ രണ്ടുപേർ അറിയൂ എന്ന ചിന്ത ഇത്തക്കാർ വച്ചുപുലർത്തുന്നു. എന്നാൽ മറുവശത്ത് കുടും ബം അകലുകയാണ് എന്നത് ഇത്തരക്കാർ തിരിച്ചരിയാതെ പോകുന്നു. പഴയകാലത്തെ പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമവും സ്ത്രീകൾ വീടിനകത്ത് ഒതുങ്ങി കൂടേണ്ടവരാണെന്ന ചിന്തയിൽ നിന്ന് ഉണ്ടാകുന്ന ഈഗോയും കുടുംബ ബന്ധങ്ങളിൽ വിള്ളൽ സൃഷ്ടിക്കുന്നുണ്ട്.
കുടുംബ പ്രശ്നങ്ങൾ ഏറ്റവും സാരമായി ബാധിക്കുന്നത് കുട്ടികളെയാണ്.
കുടുംബാംഗങ്ങൾക്കിട യിലെ പ്രശ്നങ്ങൾ സമൂഹത്തിൽ പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്. കുടുംബ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നത് സമൂഹത്തെ ശക്തിപ്പെടുത്തും. ആർക്കും ആരോടും സംസാരിക്കാൻ സമയമില്ല. കമ്യൂണിക്കേഷൻ ഇല്ലാത്തതാണ് ബന്ധങ്ങൾ തകരുന്നതിലേക്കും പിന്നീടത് ആത്മഹത്യയി ലേക്കും എത്തിക്കുന്നത്. ഭാര്യാ-ഭർത്താക്കന്മാർ പരസ്പരം തുറന്നു സംസാരിക്കണം. മക്കളുമായും വീട്ടിലുള്ളവരുമായും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാൻ നാം തയാറാകുമ്പോൾ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടും വിദ്യാഭ്യാസ യോഗ്യതയിലെ ഏറ്റകുറച്ചിലുകളും ഭാര്യ-ഭർതൃ ബന്ധത്തിലെ പ്രധാന വില്ലനാണെന്ന് ആർ.എൽ. ബൈജു പറഞ്ഞു.
ഓരോ മതഗ്രന്ഥങ്ങൾ ഓരോരുത്തർ കൈവശപ്പെടുത്തുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തൻറെ മതം മാത്രമാണ് ശരി എന്ന ചിന്ത കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നാട്ടിൽ അരാജകത്വം സൃഷ്ടിക്കും. പരസ്പരം സ്നേഹിക്കാൻ സാധിച്ചാൽ കുടുംബ ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുമെന്നും ജസ്റ്റീസ് ആർ.എൽ. ബൈജു പറഞ്ഞു.
കാലാവധി പൂർത്തിയാക്കിയ കണ്ണൂർ കോർപറേഷൻ മുൻ കൗൺസിലർമാരായ മിനി അനിൽ കുമാർ, നിർമല എന്നിവർക്ക് അസോസിയേഷൻ സ്നേഹാദരവ് നല്കി. പി. ബാലചന്ദ്രൻ, ഉഷാഭായ് ടീച്ചർ, കെ. ശൈലജ, പി.പി. പ്രഭാകരൻ, ടി. പുഷ്പലത, സി. ജയകുമാർ, കെ. സുരേന്ദ്രൻ, എം. അനീഷ് എന്നിവർ സംസാരിച്ചു.