ആന്തൂരിനെ ആവേശത്തിരയിൽ ഉയർത്തി റിമിടോമിയുടെ മ്യൂസിക് ഷോ; ഒഴുകിയെത്തിയത്  ആയിരങ്ങൾ

ഏറെ ശ്രദ്ധയാകർഷിച്ചതും ജനങ്ങളെ ആവേശം കൊള്ളിച്ചതുമായിരുന്നു റിമിടോമിയും ടീമും അണിനിരന്ന മ്യൂസിക് ഷോ

 

തളിപ്പറമ്പ: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ആന്തൂരിനെ കലാ സാംസ്‌കാരിക സമ്പന്നമാക്കി ഹാപ്പിനസ് ഫെസ്റ്റിന്റെ അഞ്ചാം ദിനം വിവിധ കലാപരിപാടികൾ മാറ്റുരച്ചുകൊണ്ടാണ് അഞ്ചാം ദിനവും കടന്ന് പോയത്. ഏറെ ശ്രദ്ധയാകർഷിച്ചതും ജനങ്ങളെ ആവേശം കൊള്ളിച്ചതുമായിരുന്നു റിമിടോമിയും ടീമും അണിനിരന്ന മ്യൂസിക് ഷോ. സംഗീതാവേശം  വിരുന്നെത്തിയ വേദിയിൽ  ആയിരങ്ങളാണ് ഒഴുകിയെത്തിയത്.ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് റിമിടോമിയും ടീമും തകർത്താടിയത്. കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം ആയിരുന്നു മറ്റൊരു വേദി. 

 

 

മെഹഫിൽ ഇ സമ നയിച്ച സൂഫി ബാന്റ് അവതരിപ്പിച്ച സൂഫി സംഗീത നിശ ആസ്വാദകരുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു.ധർമശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ഫാഷൻ ഷോയും മുൻസിപ്പൽ സ്റ്റേഡിയത്തിൽ അരങ്ങേറി.ഹാപ്പിനസ് പ്രധാന തീമാക്കി ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് മോഡലുകൾ റാമ്പിലെത്തിയത്.കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയത്തിൽ അരങ്ങേറിയ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കലാവിരുന്നും ശ്രദ്ധേയമായി.ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് കലയുടെ ലോകത്തേക്ക് ചേക്കേറിയ ജീവനക്കാരുടെ സംഘനൃത്തവും, തിരുവാതിരയും വേദിയിൽ വർണ്ണവിസ്മയം തീർത്തു.

 

കുടുംബശ്രീയുടെ ഭക്ഷണശാലകളും പ്രദർശന വിപണന സ്റ്റാളുകളും ജനശ്രദ്ധ ആകർഷിച്ചു വരികയാണ്. ഫെബ്രുവരി 13 ന് ആരംഭിച്ച ഫെസ്റ്റിന് നാളെ കൊടിയിറങ്ങും.