കണ്ണൂർ ആദികടലായിയില്‍ വിജയക്കൊടി പാറിക്കാന്‍ റിജില്‍ മാക്കുറ്റി,
ലീഗ് വിമതന്‍ വോട്ടുചോര്‍ത്തുമോയെന്ന ആശങ്ക
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ആദികടലായി ഡിവിഷനില്‍ സീറ്റു പിടിച്ചെടുക്കുന്നതിനായി യുവനേതാവിനെ തന്നെ ഇക്കുറി കളത്തിലിറക്കി കോണ്‍ഗ്രസ്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന റിജില്‍ മാക്കുറ്റിക്ക് വിജയം കണ്ടെത്തണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. യുവത്വത്തിന്റെ പ്രസരിപ്പുമായി മാക്കുറ്റി പ്രചരണത്തിനിറങ്ങിയപ്പോള്‍ അണികള്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് സംഘടനാസംവിധാനവും ഇവിടെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ട്,. ഡിവിഷനില്‍ നിന്നും പുറത്തുനിന്നുമൊരാളെ ആദികടലായി ഡിവിഷനിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇറക്കിയത് ഡിവിഷന്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ്. മുസ്‌ലിം ലീഗിന് സ്വാധീനമുളള ഡിവിഷന്‍ കൂടിയാണിത്. എന്നാല്‍ ലീഗിന്റെ പ്രാദേശിക ഭാരവാഹി വിമതനായി മത്‌സരിക്കുന്നത് യു.ഡി.
എഫിന് തിരിച്ചടിയായിട്ടുണ്ട്. മുഹമ്മദലിയാണ് നേതൃത്വം വിലക്കിയിട്ടും പ്രാദേശിക പ്രവര്‍ത്തകരുടെ പിന്‍തുണയോടെ മത്‌സരിക്കുന്നത്. കഴിഞ്ഞ തവണ സി.പി. ഐ സ്ഥാനാര്‍ത്ഥിയായ കെ.വി അനിതയാണ് ഇവിടെ വിജയിച്ചത്. ഈ സീറ്റ് ഇക്കുറി ജനറലായതോടെ മുന്‍ കൗണ്‍സിലറായ സി. പി. ഐയുടെ എം.കെ ഷാജിയാണ് ഇവിടെ മത്‌സരിക്കുന്നത്. സായൂജാണ് ഇവിടെ എന്‍.ഡി. എ സ്ഥാനാര്‍ത്ഥി.