തലമുറകളായി കൈവശം വെച്ച് അനുഭവിക്കുന്ന ഭൂമിക്ക് റവന്യൂ അധികാരികൾ പട്ടയം നൽകുന്നില്ലെന്ന പരാതി; പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്ടർക്ക് നിർദ്ദേശം 

കണ്ണൂർ കലക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിംഗിൽ പരിഗണിച്ച നാല് പരാതികളിൽ ഒന്ന് തീർപ്പാക്കി

 

കണ്ണൂർ :സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കണ്ണൂർ കലക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിംഗിൽ പരിഗണിച്ച നാല് പരാതികളിൽ ഒന്ന് തീർപ്പാക്കി. തലമുറകളായി കൈവശം വെച്ച് അനുഭവിക്കുന്ന ഭൂമിക്ക് റവന്യൂ അധികാരികൾ പട്ടയം നൽകുന്നില്ലെന്ന പരാതിയിൽ പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടറോട് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് നിർദേശിച്ചു. 2017 മുതൽ പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും പട്ടയം ലഭിക്കാൻ കമ്മീഷൻ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വീർപ്പാട് സ്വദേശിനി സമർപ്പിച്ച പരാതിയിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. റവന്യൂ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ പരസ്പര വിരുദ്ധമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. 

അങ്കണവാടി വർക്കർ തസ്തികയിൽ നിന്നും വിരമിച്ചിട്ടും പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമായില്ലെന്ന പരാതിയിൽ, ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വന്നതിനാലാണ് പെൻഷൻ നിഷേധിച്ചതെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. മറ്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകിയിട്ടുണ്ടെന്നും പെൻഷൻ നൽകുന്നതിന് സർക്കാർ ഉത്തരവ് ആവശ്യമാണെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹർജിയിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിച്ചു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നൽകുന്ന സ്‌കോളർഷിപ്പുകൾ പരിവർത്തിത ക്രൈസ്തവർക്ക് കൂടി നൽകണമെന്നാവശ്യപ്പെട്ട് കേരള നേറ്റീവ്സ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളായ ഫെലിക്സ് ജോർജ്, സുരേന്ദ്രകുമാർ എന്നിവർ സമർപ്പിച്ച ഹർജി കമ്മീഷൻ പരിഗണിച്ചു. പരിവർത്തിത ക്രൈസ്തവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന് നൽകുന്ന സംവരണം ഒരു ശതമാനത്തിൽ നിന്നും രണ്ട് ശതമാനമായി ഉയർത്തണമെന്നാവശ്യപ്പെട്ട് സ്റ്റാൻലി പാട്രിക് നൽകിയ ഹർജിയും തുടർ നടപടികൾക്കായി സർക്കാരിന് കൈമാറി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരിൽ വാട്ട്‌സ്ആപ്പിലൂടെയും പരാതി സമർപ്പിക്കാമെന്ന് അറിയിച്ചു.