കണ്ണൂരിൻ്റെ ചെന്താരകമായി പാർട്ടിയുടെ അമരത്തേക്ക് പി. ജയരാജന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി. ജയരാജന് ജന്മനാടായ പാട്യത്ത് ഊഷ്മള സ്വീകരണം പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ ജയരാജനെ വരവേറ്റത്.
കൂത്തുപറമ്പ് : സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി. ജയരാജന് ജന്മനാടായ പാട്യത്ത് ഊഷ്മള സ്വീകരണം പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ ജയരാജനെ വരവേറ്റത്. ചൊവ്വാഴ്ച്ച രാത്രി ഒൻപതുമണിയോടെയാണ് വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൻ്റെ പൊതുസമ്മേളന ശേഷം പി. ജയരാജൻ പാട്യത്തെത്തിയത്. സംസ്ഥാന കമ്മിറ്റിയിൽ മൂന്ന് പതിറ്റാണ്ടോളം കഴിഞ്ഞിട്ടും സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ പടിപ്പുറത്ത് നിൽക്കേണ്ടിവന്ന നേതാവാണ് പി ജയരാജൻ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ തിരുത്തൽ കാലത്ത് കൂടുതൽ കരുത്തനായാണ് പി.ജയരാജൻ നേതൃനിരയിലേക്കു തിരിച്ചെത്തുന്നത്.പി.എമുഹമ്മദ് റിയാസ് ഉൾപ്പെടെ ജൂനിയറായ പലരും സെക്രട്ടേറിയറ്റിലേക്ക് അവരോധിക്കപ്പെടുമ്പോൾ ജയരാജൻ മാത്രം നീണ്ട കാത്തിരിപ്പിലായിരുന്നു. 2025 മാർച്ചിൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും, പാർട്ടിലെ സീനിയറായ പി.ജയരാജനെ വെട്ടിനിരത്തിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അന്ന് 72 വയസ്സ് പിന്നിട്ടിരുന്ന ജയരാജന് പ്രായപരിധി മാനദണ്ഡമനുസരിച്ചു സെക്രട്ടേറിയറ്റിൽ എത്താൻ ഇനി അവസരമില്ലെന്നു വിധിയെഴുതപ്പെട്ടപ്പോഴാണ് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അടി പതറിയതും തെറ്റുതിരുത്തലിന്റെ ഭാഗമായി വിശാല സംസ്ഥാന സമിതി കൂടേണ്ടിവന്നതും. ഈയോഗത്തിൽ മുതിർന്ന നേതാവ് അശോക് ദാവ്ളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി.ജയരാജന്റെ പേര് നിർദേശിച്ചത്.
പിണറായി വിജയൻ ഇതിനെ പിന്തുണയ്ക്കുകയായിരുന്നുകൂടുതൽ ചെറുപ്പക്കാരെ ഉൾപ്പെടുത്തുമ്പോൾ പി.ജയരാജനെ മാത്രം ഏറെനാളായി പുറത്തുനിർത്തുന്നത് തിരുത്തൽ നീക്കങ്ങളുടെ ശോഭകെടുത്തുമെന്ന തിരിച്ചറിവും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുമാണ് ഇങ്ങനെയൊരു മാറിച്ചിന്തിക്കലിനു കാരണമായത്. കണ്ണൂരിലെ പാർട്ടി നേതൃത്വത്തിനെതിരെ ജില്ലയിൽനിന്നു തന്നെ ഉയരുന്ന അതൃപ്തി പരിഹരിക്കാൻ ഈ നടപടി ഗുണമാകുമെന്നും നേതൃത്വം വിലയിരുത്തുന്നു. ഇതോടെ ജയരാജ ത്രയം ഒന്നിച്ച് സംസ്‌ഥാന സെക്രട്ടേറിയറ്റിൽ സാന്നിദ്ധ്യമായി മാറും.
1972 മുതൽ പാർട്ടി പ്രവർത്തനത്തിൽ സജീവമായ ജയരാജൻ പത്തു വർഷത്തോളം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു. 1998ൽ സംസ്‌ഥാന സമിതിയിലെത്തി. 2010 മുതൽ 2019 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. രണ്ടു തവണ കൂത്തുപറമ്പിൽനിന്നു നിയമസഭയിലെത്തി. എന്നിട്ടും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പടി ജയരാജനു മുന്നിൽ അടഞ്ഞു തന്നെ കിടന്നു.
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയവരാണ്. എന്നാൽ ജയരാജനു മാത്രം ആ അവസരം ലഭിച്ചിരുന്നില്ല. വ്യക്തിപൂജ ആരോപണം, ക്വട്ടേഷൻ വിവാദം, സമൂഹമാധ്യമങ്ങളിലെ ഇടപെടൽ തുടങ്ങി പലപ്പോഴും പാർട്ടി ലൈനിനോടു ചേർന്നുനിൽക്കാത്ത പോക്കായിരുന്നു ജയരാജന്റേതെന്ന വിമർശനമാണു തിരിച്ചടിയായത്.