എന്നോമൽ ഉറക്കമായി ഉണർത്തരുതേ...... പാട്ടുപാടി പ്രത്യാശ ഭവൻ അന്തേവാസികളെ കൈയ്യിലെടുത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂർ മേലെ ചൊവ്വ പ്രത്യാശ ഭവനിലെ അന്തേവാസികളോട് രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു പാട്ട് പാടണമെന്നായിരുന്നു അവരുടെ ആവശ്യം
Mar 23, 2026, 13:15 IST
കണ്ണൂർ :സ്നേഹത്തിൻ്റെയും പ്രത്യാശയുടെ വീടായ പ്രത്യാശ ഭവനിലെത്തിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്ന പള്ളി പാട്ടും തമാശകളും കൊണ്ടു അന്തേവാസികളെ കൈയ്യിലെടുത്തു. കണ്ണൂർ മേലെ ചൊവ്വ പ്രത്യാശ ഭവനിലെ അന്തേവാസികളോട് രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു പാട്ട് പാടണമെന്നായിരുന്നു അവരുടെ ആവശ്യം.
ചൂട് പിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണവേള മറന്നു എൽഡി എഫ് സ്ഥാനാർഥി അവരുടെ സ്നേഹനിർബന്ധത്തിന് വഴങ്ങി. ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലെ എന്നോമൽ ഉറക്കമായി ഉണർത്തരുതേ...... അന്തേവാസികളുടെ ഹൃദയം പാട്ടിലലിഞ്ഞ നേരമായിരുന്നു അത്. അവർ മനസ്സ് തുറന്നു ചിരിച്ചു ,കൈയടിച്ചു. വിജയാശംസ നേർന്നു. സിസ്റ്റർമാരായ ജീന, റജി ,ജയ,മായ എന്നിവരും ജീവനക്കാരനായ രവീന്ദ്രനും ചേർന്നാണ് കടന്നപ്പള്ളിയെ പ്രത്യാശ ഭവനിലേക്ക് സ്വീകരിച്ചത്.