മഴക്കെടുതി;  ഏകോപന നടപടികൾ ഫലപ്രദം; തകരാറിലായ 92% വൈദ്യുതി കണക്ഷനുകൾ പുന:സ്ഥാപിച്ചതായി മന്ത്രി സണ്ണി ജോസഫ് 

മഴക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാറും ജില്ലാ പ്രാദേശിക ഭരണകൂടങ്ങളും ഫലപ്രദമായ ഇടപെടലാണ് നടത്തുന്നതെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇരിട്ടിയിലെ വീട്ടിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാറും ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും എല്ലാ വകുപ്പുകളും നാട്ടുകാരും സന്നദ്ധസംഘടനകളും നല്ല രീതിയിലാണ് മഴക്കെടുതി ചെറുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

 

കണ്ണൂർ : മഴക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാറും ജില്ലാ പ്രാദേശിക ഭരണകൂടങ്ങളും ഫലപ്രദമായ ഇടപെടലാണ് നടത്തുന്നതെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇരിട്ടിയിലെ വീട്ടിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാറും ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും എല്ലാ വകുപ്പുകളും നാട്ടുകാരും സന്നദ്ധസംഘടനകളും നല്ല രീതിയിലാണ് മഴക്കെടുതി ചെറുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. എല്ലാവരോടും നന്ദി പറയുന്നു.കെടുതിയിൽ സംസ്ഥാനത്ത് ആകെ 4,80,614 വൈദ്യുതി കണക്ഷനുകൾ തകരാറിലായി. ഇതിൽ 92 ശതമാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ പുന:സ്ഥാപിച്ചു. ഇനി 35, 118 എണ്ണം മാത്രമാണ് ബാക്കിയുള്ളത്-മന്ത്രി പറഞ്ഞു. 2892 ട്രാൻസ്ഫോമറുകൾക്ക് തകരാർ പറ്റി. വെള്ളം ഇറങ്ങിയതിനെ തുടർന്ന് ഇതിൽ 2600 എണ്ണവും നന്നാക്കി ഇതിനകം ചാർജ് ചെയ്തു. 1872 വൈദ്യുതി തൂണുകൾക്ക് നാശം നേരിട്ടു. ഇവ അതിവേഗതയിൽ പുന:സ്ഥാപിച്ചു വരികയാണ്.

വൈദ്യുതി മേഖലയിൽ ഏറ്റവും വലിയ നാശനഷ്ടം സംഭവിച്ചത് പത്തനംതിട്ട ജില്ലയിലും പിന്നെ കണ്ണൂരിലുമാണ്. കണ്ണൂരിൽ ശ്രീകണ്ഠപുരം സർക്കിൾ പരിധിയിൽ വരുന്ന ചെറുപുഴ മുതലുള്ള ഭാഗങ്ങളിലും ഇരിട്ടി സർക്കിളിലെ മലയോരപ്രദേശങ്ങളിലുമാണ് കൂടുതൽ നാശം. ഇവ പരിഹരിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്.സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികളുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് 42.5 ശതമാനമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കി അണക്കെട്ടിൽ 30 ശതമാനം ആയിരുന്ന ജലനിരപ്പ് 10 ശതമാനം കൂടി ഇപ്പോൾ 40% ആയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം ഇടുക്കിയിൽ 73% ആയിരുന്നു ജലം. 

മഴക്കെടുതിയിൽ തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങൾ മാറ്റണം എന്ന്
മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.2018ലെ പ്രളയത്തിന് സമാനമായ
അപകടങ്ങൾ കരിക്കോട്ടക്കരി പോലെയുള്ള സ്ഥലങ്ങളിലെ വീടുകൾക്ക് സംഭവിച്ചത് നേരിൽ കണ്ടു ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. വീടിന് പുറകിൽ മണ്ണിടിഞ്ഞ് വീടിന് ഗുരുതരമായ തകരാർ സംഭവിച്ച അവസ്ഥയുണ്ട്. ഇതൊക്കെ പൂർണ്ണ നാശനഷ്ടമായി കണക്കാക്കണം. നിരവധി പാലങ്ങൾ തകർന്നിട്ടുണ്ട്. അവ എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുഴകളിൽ മണ്ണിടിഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്ന അവസ്ഥ ഗൗരവതരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.