കെ. സുധാകരൻ എം.പി ഇടപ്പെട്ടു: തളിപ്പറമ്പിലെ റെയിൽവേ റിസർവേഷൻ കേന്ദ്രം നിലനിർത്തും

തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിച്ചു വരുന്ന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടാനുള്ള നീക്കം കെ.സുധാകരന്‍ എം.പി ഇടപെട്ട് ഒഴിവാക്കി.കൗണ്ടര്‍ പൂട്ടിയ വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ കെ.സുധാകരന്‍ എം.പിയെ വിവരം അറിയിക്കുകയായിരുന്നു.
 


തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിച്ചു വരുന്ന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടാനുള്ള നീക്കം കെ.സുധാകരന്‍ എം.പി ഇടപെട്ട് ഒഴിവാക്കി.കൗണ്ടര്‍ പൂട്ടിയ വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ കെ.സുധാകരന്‍ എം.പിയെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന്എം.പി റെയില്‍വെ മന്ത്രാലയവുമായും പാലക്കാട് ഡിവിഷണല്‍ മാനേജരുമായും ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചത്.


ഇതിനിടെ റിസര്‍വേഷനുമായി ബന്ധപ്പെട്ട് റെയില്‍വെ ഇവിടെ സ്ഥാപിച്ച ഉപകരണങ്ങള്‍ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനായി റെയില്‍വെ ചീഫ് റിസര്‍വേഷന്‍ ഓഫീസര്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ താലൂക്ക് ഓഫീസിലെത്തിയ വിവരമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടെറി രാഹുല്‍ വെച്ചിയോട്ടിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി.


തളിപ്പറമ്പ്മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണന്‍, എസ്.ഇര്‍ഷാദ്, സി.വി.വരുണ്‍, കെ.അഭിഷേക്, കെ.വി.സുരാഗ് എന്നിവര്‍ ഒരു കാരണവശാലും റിസര്‍വേഷന്‍ ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിനോദ്കുമാറിനെ ഉപരോധിച്ചു.കേരള കോണ്‍ഗ്രസ്(എം)തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട്ടും സ്ഥലത്തെത്തിയിരുന്നു.ചീഫ് റിസര്‍വേഷന്‍ ഓഫീസറുമായി കല്ലിങ്കീല്‍ പത്മനാഭന്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ നിന്നും കൗണ്ടര്‍ പൂട്ടുന്നില്ലെന്ന തീരുമാനം ഫോണ്‍വഴി ലഭിച്ചത്.ഇന്ന് രാവിലെ മുതലാണ് കൗണ്ടര്‍ പൂട്ടിയത്. റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരില്‍നിന്നുള്ള തുടര്‍ അനുമതി ലഭിക്കാത്തതതിനെ തുടര്‍ന്നാണ് കൗണ്ടര്‍ പൂട്ടേണ്ടി വന്നത്.


ഈ റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് റെയില്‍വെ പാലക്കാട് ഡിവിഷന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ്
ഒക്ടോബര്‍ 10 ന് നല്‍കിയ തുടര്‍ അനുമതി അപേക്ഷ പരിഗണിക്കാതിരുന്നത്.2013 ല്‍ കെ.സുധാകരന്‍ എം.പി ഇടപെട്ടാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ റിസർവേഷന്‍ കേന്ദ്രം ആരംഭിച്ചത്.
മലയോര മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നു. നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ക്കും തത്ക്കാല്‍ ടിക്കറ്റ് ആവശ്യക്കാര്‍ക്കും കേന്ദ്രം ഏറെ സഹായകരമായിരുന്നു