കലോത്സവ വേദിയിലും രാഹുൽ മാങ്കൂട്ടത്തിലിന് രക്ഷയില്ല..!   മനുഷ്യമാംസം കൊത്തിവലിക്കുന്ന കഴുകനെ  രാഹുലുമായി താരതമ്യം ചെയ്ത് ഏകാഭിനയം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിഷയം മുൻനിർത്തിക്കൊണ്ടാണ് ശ്രീവിന്യ എന്ന  കണ്ണൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ഏകാഭിനയത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയത്

 

തൃശൂര്‍: കലോത്സവ വേദകളിൽ കാലിക പ്രസക്തിയുള്ള പല വിഷയങ്ങളും അവതരണത്തിലൂടെ കൊണ്ട് വരാൻ വിദ്യാർത്ഥികൾ ശ്രമിക്കാറുണ്ട്. അത്തരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിഷയം മുൻനിർത്തിക്കൊണ്ടാണ് ശ്രീവിന്യ എന്ന  കണ്ണൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ഏകാഭിനയത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയത്. 

മനുഷ്യമാംസം കൊത്തിവലിക്കുന്ന കഴുകനെ രാഹുല്‍ മാങ്കൂത്തില്‍ എംഎല്‍എയുമായി താരതമ്യം ചെയ്യുകയായിരുന്നു ഏകാഭിനയത്തിലൂടെ ശ്രീവിന്യ ചെയ്തത്. 'കൂട്ടിലടച്ചാലും കഴുകന്‍ കഴുകനാണെന്ന് ഓര്‍മ വേണം കേരളമേ' എന്ന് ശ്രീവിന്യ രാഹുലിനെതിരെ ആഞ്ഞടിച്ചു. കാഴ്ച്ചക്കാരന്റെ മനസില്‍ തീകോരിയിട്ട പ്രകടനമായിരുന്നു മത്സരാർത്ഥിയുടേത്.

തെറ്റ് ചെയ്തവര്‍ ആരായാലും അതിനെ തെറ്റായി കാണണമെന്ന് പറഞ്ഞ് തുടങ്ങിയ ഏകാഭിനയം പുരോഗമിക്കുമ്പോള്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനത്തിന്റെ ഭാഷയായിരുന്നു തുറന്നടിച്ചത്. കഴുകന് അമ്മ നല്ല ഉപദേശങ്ങള്‍ നല്‍കിയിട്ടും കഴുകന്‍ അതിന്റെ തനി സ്വഭാവം കാണിക്കുകയാണ്. ഉയരത്തില്‍ പറക്കുന്ന കഴുകന്റെ പതനത്തിന്റെ ആഴത്തിന് വലിയ തൊഴ്ച്ചയുണ്ടാകുമെന്നും ശ്രീവിന്യ ഓര്‍മ്മിപ്പിച്ചു.

കണ്ണൂര്‍ ചേലോറ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ശ്രീവിന്യ.സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിക്ക് ഹിജാബ് നിഷേധിച്ച് വിഷയം അവതരിപ്പിച്ചായിരുന്നു ശ്രീവിന്യ ജില്ലാ കലോത്സവത്തില്‍ തിളങ്ങിയത്.