സംസ്ഥാന സർക്കാറിന്റെ മികച്ച വില്ലേജ് ഓഫീസർ അവാർഡ് നേടിയ പി വി വിനോദിന് ജന്മ നാടിന്റെ അനുമോദനം
അവകാശ പോരാട്ടങ്ങൾക്കപ്പുറത്ത് സേവന സന്നദ്ധതയാവണം സർക്കാർ ജീവനക്കാരുടെ മുഖമുദ്രയെന്നും അവരവരുടെ കർമ്മം കൃത്യമായി നിർവഹിക്കുമ്പോഴാണ് അംഗീകാരങ്ങൾ തേടിയെത്തുന്നതെന്നും
കണ്ണൂർ /കുറുമാത്തൂർ : അവകാശ പോരാട്ടങ്ങൾക്കപ്പുറത്ത് സേവന സന്നദ്ധതയാവണം സർക്കാർ ജീവനക്കാരുടെ മുഖമുദ്രയെന്നും അവരവരുടെ കർമ്മം കൃത്യമായി നിർവഹിക്കുമ്പോഴാണ് അംഗീകാരങ്ങൾ തേടിയെത്തുന്നതെന്നും പരിസ്ഥിതി സാംസ്കാരിക പ്രവർത്തകനായ വിജയ് നീലകണ്ഠൻ പറഞ്ഞു.
മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദിന് ഒരുമ സ്വാശ്രയ സംഘവും മലരട്ട പൊതുജന വായനശാലയും സംയുക്തമായി സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കവിയും സാംസ്കാരിക പ്രവർത്തകനുമായ മാധവൻ പുറച്ചേരി ഉപഹാര വിതരണം നടത്തി. ഒരു ജീവനക്കാരൻ അഴിമതി രഹിതമായി പ്രവർത്തിക്കണമെങ്കിൽ കുടുംബത്തിൻ്റെ കൂടി പിന്തുണ ഉണ്ടാവണമെന്നും നല്ല കുടുംബ ബന്ധമാണ് ഒരാളെ നല്ല ഉദ്യോഗസ്ഥനാക്കുന്നതെന്നും മാധവൻ പുറച്ചേരി അഭിപ്രായപ്പെട്ടു.
പൊതുജന വായനശാല സെക്രട്ടറി കെ.വി. ജയചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എം സി ചന്ദ്രബാബു , കെ വി രാജീവൻ , പി വി പുരുഷോത്തമൻ , പി വി ബാലചന്ദ്രൻ , പി ഗംഗാധരൻ ,ഇ കെ തങ്കമണി , പി വി രസ്നമോൾ, രജനി രാജീവൻ , പി വി പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.