പുനീത് സാഗർ അഭിയാൻ: കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി കടൽത്തീരത്ത് നിന്ന് എട്ട് ക്വിൻറൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി

സമുദ്രതീരം ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി പുനീത് സാഗർ അഭിയാന്റെ ഭാഗമായി കടൽത്തീരത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

 

കണ്ണൂർ : സമുദ്രതീരം ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി പുനീത് സാഗർ അഭിയാന്റെ ഭാഗമായി കടൽത്തീരത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. പയ്യാമ്പലം ബീച്ച്, ചാൽ ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങളിൽനിന്ന് അഞ്ഞൂറോളം കേഡറ്റുകൾ രണ്ടു മണിക്കൂർ സമയം കൊണ്ട് എട്ട് ക്വിൻറൽ മാലിന്യങ്ങളാണ് ശേഖരിച്ചത്. വിനോദ സഞ്ചാരികൾ കടൽത്തീരത്ത് നിക്ഷേപിക്കുന്നതും നഗരങ്ങളിൽ നിന്ന് പുഴകളിലൂടെ ഒഴുകി കടലിലെത്തി തീരത്തടിഞ്ഞതുമായ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഉപേക്ഷിച്ച മീൻപിടുത്ത വലകളുമാണ് കേഡറ്റുകൾ ശ്രമദാനത്തിലൂടെ തീരത്തുനിന്ന് മാറ്റിയത്. മത്സ്യങ്ങളുടെയും കടലാമകൾ ഉൾപ്പെടെയുള്ള കടലിലെ മറ്റു ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന് സമുദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം പ്രചരിപ്പിക്കുക യും പദ്ധതിയിലൂടെ എൻ.സി.സി. ലക്ഷ്യമിടുന്നു. കടൽത്തീര സംരക്ഷണ പ്രതിജ്ഞയും എടുത്തു.

സമുദ്രത്തിന്റെ തീരത്ത്  രണ്ടു കിലോമീറ്റർ നീളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാനായതിന്റെ സംതൃപ്തിയോടെയാണ് കാഡറ്റുകൾ എൻ.സി.സി ഗീതവും ചൊല്ലി മടങ്ങിയത്. കണ്ണൂർ എസ് എൻ കോളജ്, തോട്ടട ഗവ പോളിടെക്‌നിക്, ചൊവ്വ ഹയർ സെക്കൻഡറി സ്‌ക്കൂൾ, അഴീക്കോട് സ്‌കൂൾ, ചിറക്കൽ രാജാസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ എൻ സി സി കാഡറ്റുകളാണ് ബീച്ച് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.

പയ്യാമ്പലം ബീച്ചിൽ  കമാന്റിങ്ങ് ഓഫീസർ കേണൽ എ എസ് ബാലി ഉദ്ഘാടനം ചെയ്തു.  അഡ്മിനിസ്‌ടേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ മുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. സുബേദാർ മേജർ ഹോണററി ലഫ്റ്റനന്റ്  വി വെങ്കിടേശ്വർലു, ബറ്റാലിയൻ ഹവിൽദാർ മേജർമാരായ സുനിൽകുമാർ എസ്, റൂബിൻ സുനവർ, എൻ സി സി ഓഫീസർമാരായ ലഫ്റ്റനന്റ് സുനീഷ് പി.സി തേർഡ് ഓഫീസർമാരായ സുന പി.വി, രഷ്മി കെ.എം  പ്രസംഗിച്ചു.
കാഡറ്റുകളായ അണ്ടർ ഓഫീസർ അയന രാജൻ പി, അമൽ രാജ് പി.വി, ആകാശ് പി, നിഹാൽ കൃഷ്ണ, അവിനാഷ് ടോണി, അഭിനവ് പി, ശ്രീഭദ്ര ജി വർമ്മ, വിഷ്ണു വേണുഗോപാൽ പി എന്നിവർ നേതൃത്വം നൽകി.