ചാലയിലെ ഏക പൊതുശൗചാലയം പൂട്ടി; ആശങ്ക തീർക്കാൻ വേറെ വഴിയില്ല, ജനങ്ങൾ നെട്ടോട്ടമോടുന്നു
ചാല ടൗണിലെത്തുന്ന പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആശ്രയമായിരുന്ന ഏക പൊതുശൗചാലയം പൂട്ടി.
ചാല: ചാല ടൗണിലെത്തുന്ന പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആശ്രയമായിരുന്ന ഏക പൊതുശൗചാലയം പൂട്ടി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിച്ചിരുന്ന ശൗചാലയമാണ് അധികൃതർ പൂട്ടിയത്. പത്തുവർഷം മുൻപ് എം.സി. മോഹനൻ പ്രസിഡന്റായിരുന്ന എൽ.ഡി.എഫ്. ഭരണസമിതിയുടെ കാലത്താണ് ഈ കെട്ടിടം നിർമ്മിച്ചത്.
എടക്കാട് ബ്ലോക്ക് ഓഫീസ്, ചെമ്പിലോട് വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രം, വിവിധ ബാങ്കുകൾ, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന ചാല ടൗണിൽ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് വന്നുപോകുന്നത്. ടൗണിലെത്തുന്ന സാധാരണക്കാർക്കും കച്ചവടക്കാർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും വലിയൊരു ഉപകാരമായിരുന്നു വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ഈ ശൗചാലയം. എന്നാൽ ഇത് പെട്ടെന്ന് പൂട്ടിയതോടെ സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരും ജനങ്ങളും വലിയ ദുരിതത്തിലായിരിക്കുകയാണ്. നിലവിൽ ചാല ടൗണിൽ മറ്റ് ശൗചാലയ സൗകര്യങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്.ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്താണ് ഈ ശൗചാലയം സ്ഥിതി ചെയ്യുന്നത്.
ടൗണിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുആവശ്യത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. എന്നാൽ അടച്ചുപൂട്ടാതെ വഴിയില്ലെന്നാണ് ബ്ളോക്ക് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണംശൗചാലയത്തിന്റെ ടാങ്ക് നിറഞ്ഞുകവിഞ്ഞു.ഇനിയും ഉപയോഗിച്ചാൽ മാലിന്യം പുറത്തേക്ക് ഒഴുകാൻ തുടങ്ങും.ഇത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും.ഇതു കാരണമാണ് താൽക്കാലികമായി പൂട്ടേണ്ടി വന്നതെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.