കണ്ണൂർ ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെതിരെ അന്വേഷണമില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു
രോഗിക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ഇടതുപക്ഷ അനുഭാവ സംഘടനയുടെ പ്രവര്‍ത്തകനെ സംരക്ഷിക്കുന്നത് ജീവനക്കാരിൽ പ്രതിഷേധം ശക്തമാക്കുന്നു.
കണ്ണൂര്‍: രോഗിക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ഇടതുപക്ഷ അനുഭാവ സംഘടനയുടെ പ്രവര്‍ത്തകനെ സംരക്ഷിക്കുന്നത് ജീവനക്കാരിൽ പ്രതിഷേധം ശക്തമാക്കുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. സംഭവത്തെ കുറിച്ച് രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി സുപ്രണ്ടിന് പരാതി നല്‍കിയിട്ട് മാസം മൂന്ന് കഴിഞ്ഞുവെങ്കിലും പരാതിയില്‍ അടയിരിക്കുകയാണ് ആശുപത്രി സുപ്രണ്ടെന്നാണ് ആക്ഷേപം.
പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ തയ്യാറാവുകയോ പരാതി പൊലീസിന് കൈമാറുകയോ ചെയ്യാത്ത ആശുപത്രി സുപ്രണ്ടിന്റെ നിലപാടിലാണ് വിമര്‍ശനം. സംഭവം മറച്ച് വെക്കാനുള്ള ആശുപത്രി സുപ്രണ്ടിന്റെ നീക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ കടുത്ത അതൃപ്തിയിലാണ്. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടിയുള്‍പ്പടെ സ്വീകരിക്കുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ജില്ലാ ആശുപത്രിയിലെ പുരുഷന്മാരുടെ വാര്‍ഡില്‍ രോഗിയോടൊപ്പം കൂട്ടിരിപ്പിനെത്തിയ യുവതിയാണ് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചത്. പയ്യന്നൂര്‍ സ്വദേശിയായ ആശുപത്രിയിലെ ജീവനക്കാരനെതിരെയാണ് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്.
ഈ ജീവനക്കാരന് നേരെ സമാന രീതിയില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടത്പക്ഷ അനുകൂല സംഘടനയുടെ നേതൃ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നതാണ്. സംഘടനാ നേതൃ സ്ഥാനത്ത് നിന്നും നീക്കിയതൊഴിച്ചാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കാത്തതാണ് വീണ്ടും ഇയാള്‍ ഞരമ്പ് രോഗം പ്രകടിപ്പിക്കാന്‍ കാരണമെന്നാണ് സഹപ്രവർത്തകർ പറയുന്നത്.