എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ

എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് എല്ലാ അംഗങ്ങൾക്കും വോട്ടവകാശമെന്ന ഹൈക്കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് എസ്. എൻ ഡി പി സംരക്ഷണ സമിതി കണ്ണൂർ ജില്ലാ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

 

കണ്ണൂർ:എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് എല്ലാ അംഗങ്ങൾക്കും വോട്ടവകാശമെന്ന ഹൈക്കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് എസ്. എൻ ഡി പി സംരക്ഷണ സമിതി കണ്ണൂർ ജില്ലാ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 200 പേർക്ക് ഒരു പ്രതിനിധിയെന്ന കണക്കിൽ ശാഖകളിൽ കൂടി തെരഞ്ഞെടുക്കുകയോ നോമിനേറ്റ് ചെയ്യുകയോ ചെയ്യുന്ന യോഗം പൊതുയോഗം പ്രതിനിധികളായിരുന്നു സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി തുടങ്ങിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നത്. 2019 ന് ശേഷം യോഗം തെരഞ്ഞെടുപ്പ് നടത്താൻ വെള്ളാപ്പള്ളിക്ക് സാധിച്ചിരുന്നില്ല 2020 ൽ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നിയമവിരുദ്ധമായതിനാൽ ഹൈകോടതി സ്റ്റേ ചെയ്തു. 

തുടർന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി നടത്തിയ നിയമ പോരാട്ടത്തിൻ്റെ സ്ഥലമായി 2022 ൽ ഹൈക്കോടതി യോഗം അംഗങ്ങൾക്കെല്ലാം വോട്ടാവകാശമെന്ന ചരിത്ര വിധി പുറപ്പെടുവിച്ചെങ്കിലും കോടതി വിധിക്കനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ സെക്രട്ടറിയായ വെള്ളാപ്പള്ളി തയ്യാറായിട്ടില്ല. ഹൈക്കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരും തയ്യാറായിട്ടില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു. കണ്ണൂർ കാസർകോട്,വയനാട് ജില്ലകളിലെ അംഗത്വ പട്ടിക തയ്യാറാക്കാൻ യോഗം സെക്രട്ടറി ചുമതലപ്പെടുത്തിയ അരയാക്കണ്ടി സന്തോഷ് ഇതുവരെ ശാഖകളിലെ വോട്ടർ പട്ടിക ക്രമീകരിച്ച് നൽകിയിട്ടില്ല. എല്ലാവർക്കും വോട്ടവകാശമെന്ന ചരിത്ര വിധിയെ അട്ടിമറിക്കാനും കാലാവധി കഴിഞ്ഞിട്ടും ഭാരവാഹിത്വത്തിൽ തുടരാനുള്ള ഹീനശ്രമങ്ങളുടെ ഭാഗമായാണ് യോഗം ഭാരവാഹികളുടെ നീക്കമെന്നും സംരക്ഷണസമിതി ജില്ലാഭാരവാഹികൾ ആരോപിച്ചു. 

വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ. എം.പി രാജൻ, ജില്ലാ സെക്രട്ടറി എം.വിനോദ് കുമാർ, വൈസ് പ്രസിഡൻ്റ് എ.എം ജയറാം ട്രഷറർ ഇ അജിത്ത്, ജില്ലാ ചെയർമാൻ രാജീവൻ എന്നിവർ പങ്കെടുത്തു.