മെഡിക്കല്‍ പ്രതിനിധിയുടെ മരണത്തില്‍ അന്വേഷണം വേണം: ബിഎംഎസ്ആര്‍എ
അബോട്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവ് ആയിരുന്ന തിരുവനന്തപുരം സ്വദേശി മിഥുനിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജയദീപ് ആവശ്യപ്പെട്ടു.
കണ്ണൂര്‍: അബോട്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവ് ആയിരുന്ന തിരുവനന്തപുരം സ്വദേശി മിഥുനിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജയദീപ് ആവശ്യപ്പെട്ടു.
മെഡിക്കല്‍ പ്രതിനിധിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഎംഎസ്ആര്‍എ കലക്‌ട്രേറ്റീന് മുന്നില്‍ നടത്തിയ ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഥുനിന്റെ മരണത്തിന് മുമ്പ് ജോലി സ്ഥലത്തെ അമിതമാനസിക സമ്മര്‍ദ്ദവും തൊഴില്‍ സാഹചര്യങ്ങളും സംബന്ധിച്ച വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സംഭവത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കണമെന്നും തൊഴിലാളികളുടെ അവകാശങ്ങളും മാനസികാരോഗ്യവും സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേഖലയിലെ ജീവനക്കാരുടെ ജോലിഭാരം, ലക്ഷ്യാധിഷ്ഠിത സമ്മര്‍ദ്ദം, മാനേജ്‌മെന്റ് രീതികള്‍ എന്നിവയെക്കുറിച്ച് സമഗ്ര പഠനം നടത്തണം.
ജോലിസ്ഥലങ്ങളില്‍ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും പരാതികള്‍ സുരക്ഷിതമായി അറിയിക്കാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. മിഥുനിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിന് സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണം. അതോടൊപ്പം കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎംഎസ്ആര്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം. പ്രസന്നന്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. ജിയേഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം. റിജില്‍ നന്ദിയും പറഞ്ഞു.