കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: പെരുവഴിയിലായി യാത്രക്കാർ, പല റൂട്ടിലും അധിക സർവീസുമായി കെ.എസ്.ആർ.ടി.സി

ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാൽ ഒ.കെ. യു പി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതർ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ  സ്വകാര്യ ബസ്സുകൾ നടത്തിയ പണിമുടക്ക് തുടങ്ങി.

 



കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാൽ ഒ.കെ. യു പി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതർ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ  സ്വകാര്യ ബസ്സുകൾ നടത്തിയ പണിമുടക്ക് തുടങ്ങി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താത്തത് കാരണം യാത്രക്കാർ വലഞ്ഞു. കെ.എസ്.ആർ ടി സി പല ഭാഗങ്ങളിലും അധിക സർവ്വീസ് നടത്തുന്നത് ആശ്വാസമേകിയിട്ടുണ്ട്. ഒന്നും രണ്ടും ബസുകളുള്ള ഉടമകൾ സർവീസ് നടത്തുമെന്ന് പറഞ്ഞിട്ടിട്ടുണ്ടെങ്കിലും തടയാനാണ് ബസ് ഉടമകളുടെ തീരുമാനം.

 കണ്ണൂർ - തലശേരി -' കൂത്തുപറമ്പ് - കണ്ണൂർ, തലശേരി - പാനൂർ മാഹി പാലം,' തളിപ്പറമ്പ് - കണ്ണൂർ, തളിപറമ്പ് -ആലക്കോട് - ശ്രീ കണ്ഠാപുരം ',പയ്യന്നൂർ - തളിപറമ്പ്, ഇരിക്കൂർ - തലശേരി - മട്ടന്നൂർ -കണ്ണൂർ എന്നി വിവിധ മേഖലകളിൽ ബസ് സർവീസുകൾ മുടങ്ങി. സ്വകാര്യ ബസുകൾ സ്റ്റാൻഡുകളിലും റോഡരികിലും നിർത്തിയിട്ടിരിക്കുകയാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കെ.എസ്.ആർ.ടി.സിയെയാണ് ആശ്രയിക്കുന്നത്. പണിമുടക്കിൽ യാത്രാ ക്ളേശം പരിഹരിക്കാൻ സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്. നടാൽഒ.കെ യു.പി സ്കൂളിന് സമീപംഅടിപ്പാത നിർമ്മാണത്തിൽ അനിശ്ചിതത്വം നിലനിന്നതോടെയാണ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ജില്ലയിലെ സ്വകാര്യ ബസ്സുകൾ പൂർണ്ണമായും ഇന്ന് രാവിലെ മുതൽ സർവീസ് നിർത്തിവെച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി.ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുമ്പോൾ നടാൽ ഒ.കെ.യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.

 എന്നാൽ നിലവിലെ അശാസ്ത്രീയമായ നിർമാണം കാരണം അടിപ്പാതയില്ലെങ്കിൽ കണ്ണൂർ-തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകൾക്ക് ഏകദേശം 7 കിലോമീറ്റർ അധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും. അധിക ദൂരം ഓടുന്നത് ഇന്ധനച്ചെലവ് വർദ്ധിപ്പിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇത് താങ്ങാനാവില്ലെന്നും ബസ്സുടമകൾ വ്യക്തമാക്കുന്നു. നിലവിലുള്ള സർവീസ് റോഡുകളുടെ വീതിക്കുറവും ഉയരക്കുറവും വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമാകുന്നുണ്ട്.നാളെ പുലർച്ചെ മുതൽ വൈകുന്നേരം വരെയാണ് പണിമുടക്ക്.കണ്ണൂർ-തലശ്ശേരി റൂട്ടിലെ യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുകയെങ്കിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകളും സ്തംഭിച്ചു.യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ ഇത് പര്യാപ്തമാകില്ല.സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.