വീണ്ടും മൊഴി നൽകാനെത്തി; വിവാദങ്ങളിൽ മിണ്ടാട്ടം മുട്ടി പ്രശാന്തൻ

കണ്ണൂര്‍ ടൗൺ പൊലിസ് സ്റ്റേഷനിൽ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ പ്രശാന്തന്‍ മൊഴി നല്‍കാനെത്തി.

 

കണ്ണൂര്‍ ടൗൺ പൊലിസ് സ്റ്റേഷനിൽ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ പ്രശാന്തന്‍ മൊഴി നല്‍കാനെത്തി. എന്നാൽ  മാധ്യമ പ്രവര്‍ത്തകർ അദ്ദേഹത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് സസ്പെൻഡ് ചെയ്യുമെന്ന് പറഞ്ഞതിനെ കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോൾ മറുപടി നല്‍കിയില്ല.

തിങ്കളാഴ്ച്ച വൈകീട്ട് 4.30 നാണ് പ്രശാന്തൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രശാന്തനിൽ നിന്ന് പൊലിസ്  മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിളിച്ചു വരുത്തിയത്. അരമണിക്കൂറോളം സ്റ്റേഷനിൽ തുടർന്ന പ്രശാന്ത് പ്രതികരിക്കാൻ തയ്യാറായില്ല. ഒപ്പിലേയും പേരിലേയും വൈരുദ്ധ്യങ്ങൾ  ഉണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെ ഇലക്ട്രീഷ്യനായ പ്രശാന്തൻ സ്വന്തം പേരിൽ പെട്രോൾ പമ്പ് തുടങ്ങാൻ എൻ.ഒ.സിക്കായി അപേക്ഷ സമർപ്പിച്ചത് വിവാദമായിരുന്നു. പ്രശാന്തനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപകമായ സംഘർഷം ഉടലെടുത്തിരുന്നു.