പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍  യോജന പ്രോത്സാഹന ആനുകൂല്യ വിതരണം നടന്നു ഭാരതത്തില്‍ നടക്കുന്നത് ഏകാത്മക മാനവ ദര്‍ശനത്തിലൂന്നിയ വികസനം: സി.സദാനന്ദന്‍ മാസ്റ്റര്‍ എംപി

പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍ യോജനപ്രകാരം ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമുള്ള പ്രോത്സാഹന ആനുകൂല്യ വിതരണം ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  നിര്‍വ്വഹിച്ചു.

 

കണ്ണൂര്‍: പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍ യോജനപ്രകാരം ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമുള്ള പ്രോത്സാഹന ആനുകൂല്യ വിതരണം ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  നിര്‍വ്വഹിച്ചു. പ്രോത്സാഹന തുകയുടെ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് ഇപിഎഫ്ഒ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തല്‍സമയം പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നടന്ന പരിപാടിയില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പി. ഇന്ദിര തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

 ഭാരതത്തില്‍ നടക്കുന്നത് ഏകാത്മക മാനവ ദര്‍ശനത്തിലൂന്നിയ വികസനമാണെന്ന് ചടങ്ങില്‍ സംസാരിച്ച സി.സദാനന്ദന്‍ മാസ്റ്റര്‍ എംപി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാംവര്‍ഷത്തില്‍ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമാണ് പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍  യോജന പോലുളള പദ്ധതികള്‍. വികസ്വര രാജ്യമായ ഭാരതം അനുദിനം മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്. മാതൃഭൂമിയെ ലോകോത്തരമാക്കാന്‍ ജീവിതം മാറ്റിവെച്ച ജനസംഘം നേതാവായിരുന്ന ദീനദയാല്‍ ഉപാധ്യായ മുന്നോട്ടുവെച്ച ആശയമാണ് ഏകാത്മക മാനവ ദര്‍ശനം. രാജ്യത്തെ സാധാരണക്കാരായ ജനവിഭാഗത്തിന്റെയടക്കം ഉന്നമനം ലക്ഷ്യമാക്കി ഭാരതത്തെ ലോകത്തിലെ മഹത്തായ ശക്തിയാക്കി മാറ്റുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

 സംരംഭകത്വത്തിലൂടെ മുന്നോട്ട് പോകുക, പുതിയ തലമുറ തൊഴിലന്വേഷകരില്‍ നിന്നും സംരംഭകത്വത്തിലൂടെ തൊഴില്‍ ദാതാവിലേക്ക് മാറുക ഇതാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നമ്മോടൊപ്പം രാഷ്ട്രവും വളരുക. ഒരോരുത്തര്‍ക്കും ചാരിതാര്‍ത്ഥ്യം ഉണ്ടാക്കുന്ന കാര്യമാണ്. ഇതിനുളള പദ്ധതികളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. അത്തരമൊരു പദ്ധതിയാണ് തൊഴിലിനോടും രാജ്യത്തോടും യുവജനങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടാക്കുന്ന പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍  യോജന പ്രോത്സാഹന ആനുകൂല്യ പദ്ധതി. വിവിധ കോശങ്ങള്‍ സംയോജിപ്പിച്ച് സ്വന്തം ശരീരം ചലനാത്മകമാകുന്നതു പോലെ ഞാനെന്ന വ്യക്തിയില്‍ തുടങ്ങി കുടുംബത്തിലൂടെ മികച്ച സമൂഹത്തെ സൃഷ്ടിക്കുന്ന തലത്തിലേക്ക് ഉയരാന്‍ ഓരോരുത്തര്‍ക്കും സാധിക്കണമെന്നും അതിനുളള അടിസ്ഥാന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ജെ.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. എകെജി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കൃഷ്ണരാജ്, മരിയന്‍ അപ്പാരല്‍സ് ജീവനക്കാരി ദില്‍ഷ എന്നിവര്‍ സംസാരിച്ചു. യു.ബി ബോണിഷാ സ്വാഗതവും സത്യന്‍ നാനാട്ട് നന്ദിയും പറഞ്ഞു. ചടങ്ങില്‍ നൂറുകണക്കിന് പ്രോവിണ്ടന്റ് ഫണ്ട് ഗുണഭോക്താക്കള്‍  പങ്കെടുത്തു. പുതുതായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള  നിയമന ഉത്തരവുകളും വിതരണം ചെയ്തു.

ഔപചാരിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷാ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഭാരത സര്‍ക്കാര്‍ ആരംഭിച്ച എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയാണ് പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വഴി തൊഴില്‍ മന്ത്രാലയം നിയന്ത്രിക്കുന്ന ഈ പദ്ധതി 2024 ലെ ബജറ്റില്‍ അനുവദിച്ച 99,446 കോടി രൂപയുടെ ബജറ്റ് വിഹിതമുപയോഗിച്ചാണ് മുന്നോട്ട് പോകുന്നത്.