ഇന്ന് ലോക അൽഷിമേഴ്സ് ദിനം; മറവി രോഗ ബാധിതര്‍ക്ക് തണലായി പളളിയാംമൂലയിലെ പ്രബോധ് ഡിമെന്‍ഷ്യ കെയര്‍ സെന്റർ
മറ്റൊരു ലോക അൽഷിമേഴ്സ് ദിനം കൂടി കടന്നുപോകുമ്പോൾ ഓർമ്മകൾ തിരിച്ചു പിടിക്കാനും ജീവിത താളം നിലനിർത്താനും രോഗാതുരരെ സഹായിക്കുന്ന ഒരു സേവന കേന്ദ്രം കണ്ണൂരിലുണ്ട്.
പൊതുവെ 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്നുവെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ അസുഖം പിടിപെടാം. ഒരു കൂട്ടം രോഗലക്ഷണങ്ങള്‍ ഒരേ കാലത്ത് പ്രവര്‍ത്തിക്കുന്ന ഒരു അവസ്ഥയാണ് ഡിമെന്‍ഷ്യ.
കണ്ണൂര്‍: മറ്റൊരു ലോക അൽഷിമേഴ്സ് ദിനം കൂടി കടന്നുപോകുമ്പോൾ ഓർമ്മകൾ തിരിച്ചു പിടിക്കാനും ജീവിത താളം നിലനിർത്താനും രോഗാതുരരെ സഹായിക്കുന്ന ഒരു സേവന കേന്ദ്രം കണ്ണൂരിലുണ്ട്. ഡിമെന്‍ഷ്യ (ബുദ്ധിഭ്രംശം) വിഭാഗത്തില്‍പ്പെട്ട മറവി രോഗമടക്കമുളളവ ബാധിച്ച വയോധികരായ അമ്മമാര്‍ക്കും മറ്റുള്ളവർക്കും തണലായാണ് പളളിയാംമൂലയിലെ പ്രബോധ് ഡിമെന്‍ഷ്യ കെയര്‍ സെന്റര്‍.
ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അല്‍ഷിമേഴ്‌സ് രോഗം. നിലവില്‍ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ രോഗമാണിത്. പൊതുവെ 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്നുവെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ അസുഖം പിടിപെടാം. ഒരു കൂട്ടം രോഗലക്ഷണങ്ങള്‍ ഒരേ കാലത്ത് പ്രവര്‍ത്തിക്കുന്ന ഒരു അവസ്ഥയാണ് ഡിമെന്‍ഷ്യ.
മറവി രോഗം കാരണം വീടുകളില്‍ ഒറ്റപ്പെടുന്ന വയോധികരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ 15 പേരെ വരെ ഉള്‍ക്കൊളളാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ 3 പേര്‍ മാത്രമാണ് കേന്ദ്രത്തിലുളളത്. കുടുംബാംഗങ്ങള്‍ ജോലിക്കായും കുട്ടികള്‍ പഠനത്തിനും പോകുന്നതോടെ വീടുകളില്‍ തനിച്ചാകുന്ന മറവി രോഗമുളള വയോധികരെ പകല്‍വീട് എന്ന രീതിയില്‍ രാവിലെ 10മണി മുതല്‍ വൈകുന്നേരം 5മണിവരെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്.
സ്ഥാപനത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സൊസൈറ്റിയുടെ സ്വന്തം വാഹനം രാവിലെ വീടുകളിലെത്തി രോഗികളായ വയോധികരെ കേന്ദ്രത്തിലേക്ക് കൂട്ടി കൊണ്ടു പോവുകയും വൈകുന്നേരം വീടുകളില്‍ തിരിച്ചെത്തിക്കുകയും ചെയ്യും. പ്രഭാതത്തിലും വൈകുന്നേരങ്ങളിലും ലഘുഭക്ഷണവും ചായയും ഉച്ച ഭക്ഷണവും സൊസൈറ്റി വക ഇവിടെ നിന്നും നല്‍കി വരുന്നുണ്ട്.
കേന്ദ്രത്തിലെത്തുന്നത് മുതല്‍ പോകുന്നതുവരെ സംഗീതവും കീര്‍ത്തനാലാപനവും കാരംസ് കളിയും, ടെലിവിഷന്‍ പരിപാടികളാസ്വദിച്ചും പുതിയൊരു ലോകത്തെത്തിയ അനുഭവമാണ് അവിടെ എത്തിച്ചേരുന്നവര്‍ക്ക് ഉണ്ടാകുന്നത്. ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വീടുകളിലെ അടച്ചിട്ട മുറികളില്‍ കഴിഞ്ഞു കൂടി ഇപ്പോള്‍ എല്ലാ ദിവസവും കേന്ദ്രത്തിലെത്തുന്നവര്‍ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി സ്ഥാപന അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വീടുകളില്‍ ഹോം നഴ്‌സുമാരെ സഹായികളായി വെച്ച് കൊണ്ട് ചികിത്സാ പരിചരണം മാത്രം നടക്കുമ്പോള്‍ ഇവിടെ അവര്‍ക്ക് അവരുടേതായ പുതിയൊരു ലോകം തുറക്കപ്പെടുകയാണ്.
വിദേശങ്ങളിലടക്കം ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുളള 86കാരിയായ അലവില്‍ ഒറ്റതെങ്ങ് സ്വദേശിനിയായ കാര്‍ത്ത്യായനി ഭാസ്‌ക്കരനാണ് സ്ഥാപനത്തിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. വിദേശത്ത് താമസിക്കവേ സ്വന്തം ഭര്‍ത്താവിന് അല്‍ഷിമേഷ്യസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കുടുംബ സമേതം നാട്ടിലെത്തിയ ഇവര്‍ ഇത്തരത്തില്‍ മറവി രോഗബാധിതരായ അമ്മമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് പ്രായാധിക്യത്തിനിടയിലും ചുറുചുറുക്കോടെ ഇവിടെ എത്തിച്ചേരുന്ന അമ്മമാരെ സേവന സന്നദ്ധയായി പരിചരിക്കുന്നത്.
രണ്ട് നഴ്‌സുമാരും കൗണ്‍സിലറും ഓഫീസ് കാര്യങ്ങള്‍ ചെയ്യുന്നതിനായി പ്രദേശവാസിയായ ഒരു സ്ത്രീയും വാഹന ഡ്രൈവറും ഇവരൊടൊപ്പം സഹായികളായി സ്ഥാപനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മാനസിക സമ്മര്‍ദ്ദം, പിരിമുറുക്കം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളും രോഗികളും അടക്കമുളളവര്‍ക്കായി ഒരു കൗണ്‍സിലിംഗ് സെന്റര്‍ സ്ഥാപനത്തിന്റെ ഭാഗമായി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കൗണ്‍സിലറുടെ സേവനം രോഗികള്‍ക്കായി ലഭ്യമായതു കൊണ്ടുതന്നെ കൗണ്‍സിലിങ് ആവശ്യമായി വരുന്നവര്‍ക്ക് സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്ന് സെന്റര്‍ അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍ ഡിമെന്‍ഷ്യ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ പളളിയാംമൂലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന കേന്ദ്രം കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പളളിയാംമൂല മഹാത്മ അങ്കണവാടിക്ക് സമീപം പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രദേശവാസിയായ റിട്ടേര്‍ഡ് ഉദ്യോഗസ്ഥന്‍ രമേഷ്ബാബു സൗജന്യമായി നല്‍കിയ 5 സെന്റ് ഭൂമിയിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ച് ഡിമെന്‍ഷ്യ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സൗജന്യമായി കെട്ടിടം നിര്‍മ്മിച്ച് നല്‍കിയത്. റൗണ്ട് ടേബിള്‍ ഇന്‍ഡ്യ എന്ന സന്നദ്ധ സംഘടന നല്‍കിയ മാച്ചിംഗ് ഗ്രാന്റ് ഉപയോഗിച്ചാണ് ഫര്‍ണ്ണിച്ചറടക്കമുളള അവശ്യ സാധനങ്ങള്‍ ഒരുക്കിയിട്ടുളളത്.
സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് 30ഓളം പേരടങ്ങുന്ന ഒരു ട്രസ്റ്റ് കമ്മിറ്റിയും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇതിന്റെ ചെയര്‍പേഴ്‌സണും കാര്‍ത്ത്യായനി ഭാസ്‌ക്കരനാണ്. 15 പേര്‍ക്കുളള സൗകര്യങ്ങളുണ്ടെങ്കിലും കൂടുതല്‍ പേരെ ഇവിടെ എത്തിക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയല്‍ മുന്നോട്ട് കൊണ്ടു പോകാനും സാമ്പത്തിക സഹായങ്ങളുള്‍പ്പെടെ ആവശ്യമാണ്.
ഇതിനായി ഉദാരമതികളില്‍ നിന്ന് സഹായം ലഭിക്കുകയാണെങ്കില്‍ സമൂഹത്തില്‍ വളരെയേറെ അവഗണന നേരിടുന്നവരായ ഒരു വിഭാഗത്തിന് വലിയ സഹായമാവുമെന്ന് സെന്ററിലെ പ്രവര്‍ത്തകര്‍ പറയുന്നു. വിലാസം: കണ്ണൂര്‍ ഡിമെന്‍ഷ്യ കെയര്‍ സൊസൈറ്റി, 'പ്രബോധ്', മഹാത്മാ അങ്കണവാടിക്ക് സമീപം, പളളിയാംമൂല, പോസ്റ്റ് അലവില്‍, കണ്ണൂര്‍ 670008. ഫോണ്‍ 6238144050, 7012192683.