'പി.പി ദിവ്യ യക്ഷികളുടെ നേതാവ്, പൊലിസ് എത്ര കോട്ടകൾ കെട്ടിയാലും പി.പി ദിവ്യയെ സംരക്ഷിക്കാനാവില്ല' : അബ്ദുള്ളക്കുട്ടി
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് കണ്ണപുരം ഇരിണാവിലെ ദിവ്യയുടെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ബുധനാഴ്ച്ച
കണ്ണൂർ : ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് കണ്ണപുരം ഇരിണാവിലെ ദിവ്യയുടെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ബുധനാഴ്ച്ച രാവിലെ പത്തരയോടെ ആരംഭിച്ച ബിജെപി മാർച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.
പൊലിസ് എത്രതന്നെ കോട്ടകൾ തീർത്താലും പി.പി ദിവ്യയെ കൊലപാതക കുറ്റത്തിൽ നിന്ന് രക്ഷിക്കാൻ ആവില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ല കുട്ടി പറഞ്ഞു. യക്ഷികളുടെ നേതാവാണ് പി.പി ദിവ്യ. അവർ എ.ഡി. എമ്മിനെ പരസ്യമായി അപമാനിച്ചതു കാരണമാണ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത്. യക്ഷികളുടെ നേതാവാണ് പി.പി ദിവ്യയെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
സി.പി.എം ക്രിമിനൽ രാഷ്ട്രീയത്തിൻ്റെ ബൈ പ്രൊഡക്ടായ പി.പി ദിവ്യയെ കൊലപാതക കുറ്റത്തിന് അറസ്റ്റുചെയ്യാൻ പൊലിസ് തയ്യാറാകണമെന്നും ഇല്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്നും അബ്ദുള്ളക്കുട്ടി മുന്നറിയിപ്പു നൽകി.
പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ച്ച രാവിലെ മുതൽതന്നെ ദിവ്യയുടെ വസതിക്ക് പോലീസ് കാവൽക്കർപ്പെടുത്തിയിരുന്നു. കണ്ണപുരം സേവാഭാരതി ഓഫീസ് പരിസരത്തുനിന്ന് പത്തരയോടെ ബിജെപി മാർച്ച് ആരംഭിച്ചു.
വീടിന് സമീപം ബാരിക്കേഡുകൾ ഉയർത്തി പോലീസ് മാർച്ച് തടഞ്ഞു. ബി.ജെ.പി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത് നേതൃത്വം നൽകി.
ബിജെപി മാർച്ചിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി. പോലീസ് തീർത്ത ബാരിക്കേടുകൾക്ക് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു.
ഇടയ്ക്ക് പോലീസുമായി ഒന്നും തള്ളും ഉണ്ടായി. മാർച്ചിനെത്തിയ ഒരു വിഭാഗം പ്രവർത്തകർ കണ്ണപുരത്ത് കെഎസ്ടിപി റോഡ് ഉപരോധിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും ഇതിന് സമാനമായ പ്രതിഷേധങ്ങളാണ് ഇന്ന് അരങ്ങേറിയത്.
ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച്ചയും ജില്ലാ പഞ്ചായത്തിൽ പി.പി ദിവ്യ എത്തിയിട്ടില്ല . ജില്ലയിലെ ഒരു പൊതു പരിപാടികളിലും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ ആരും കണ്ടിട്ടുമില്ല എ.ഡി. എമ്മിൻ്റെ മരണത്തെ കുറിച്ചു. ഇതുവരെ പ്രതികരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എത്തിയിട്ടില്ല.