പി.പി. ദിവ്യയുടെ നാവാണ് നവീൻ ബാബുവിന്റെ കൊലയാളി: കെ.കെ. വിനോദ് കുമാർ
സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യയുടെ നാവാണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ കൊലയാളിയെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ.
കണ്ണൂർ: സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യയുടെ നാവാണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ കൊലയാളിയെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ. കണ്ണൂർ കലക്‌ട്രേറ്റിന് മുന്നിൽ നവീൻ ബാബു അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്തനായ ഉദ്യോഗസ്ഥനെ കൈക്കൂലിക്കാരനാക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാൽ നവീൻ ബാബു മരണപ്പെട്ട് ഒരു വർഷമായിട്ടും നവീൻ ബാബു അഴിമതിക്കാരനാണെന്ന് തെളിയിക്കാൻ സിപിഎം നേതൃത്വത്തിനായില്ല. ഇപ്പോൾ പി.പി. ദിവ്യയെ സ്വർണ്ണപ്പാളികൊണ്ട് പുതപ്പിച്ച് പരിശുദ്ധയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ഭാഗത്ത് ആയുധമുപയോഗിച്ച് കൊലപാതകം നടത്തുമ്പോൾ മറുഭാഗത്ത് നാവുകൊണ്ട് കൊലപാതകം നടത്തുന്നു.
ചെറുപ്പം മുതലേ സിപിഎമ്മുമായി സജീവ ബന്ധമുള്ളയാളാണ് നവീൻ ബാബുവും അദ്ദേഹത്തിന്റെ കുടുംബവും. എന്നാൽ അതൊന്നും പരിഗണിക്കാതെ കൊലയാളിയെ സംരക്ഷിക്കാനുള്ള നിലപാടാണ് സിപിഎം സ്വീകരിച്ചത്. നവീൻ ബാബുവിന്റേ മരണം നടന്ന് ഒരു വർഷം കഴിയുമ്പോഴും ഇടത് ജീവനക്കാരുടെ സംഘടനകളോ സിപിഎമ്മോ അദ്ദേഹത്തെ സ്മരിക്കാൻ തയ്യാറായില്ല. തങ്ങളുടെ അനുകൂല സംഘടനയിൽപ്പെട്ട ആളായാലും സംരക്ഷിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് സിപിഎം നൽകുന്നത്. ആർക്കുവേണ്ടിയാണ് പെട്രോൾ പമ്പിനുവേണ്ടി പരിശ്രമിച്ചത്. യഥാർത്ഥത്തിൽ പ്രശാന്ത് ബാബുവിന് വേണ്ടിത്തന്നെയാണോ. പ്രശാന്തിന് പെട്രോൾ പമ്പ് തുടങ്ങാനുള്ള ആസ്തിയെന്താണ് ഉള്ളത്. പ്രശാന്തിന്റെ പേരും ഒന്നിൽക്കൂടുതൽ ഒപ്പും സംശയാസ്പദമാണ്. യഥാർത്ഥത്തിൽ പ്രശാന്ത് ബബു മാത്രമല്ല സിപിഎം നേതാക്കളും സംശയ നിഴലിലാണ്. സിബിഐ അന്വേഷണം നടന്നാൽ പലരും പ്രതികളാവും. സിപിഎം ഇരയോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്നും അദ്ദേഹം പരഞ്ഞു.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കണ്ണൂർ ജില്ലാ കലക്റ്റർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിൽ കലക്‌ട്രേറ്റിലെ ജീവനക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിനിടെ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യ പരസ്യമായി അഴിമതിയാരോപണമുന്നയിച്ചതിൽ മനം നൊന്താണ് 2024 ഒക്‌ടോബർ 15 ന് നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്തുടനീളം പ്രതിഷേധമുയർന്നപ്പോൾ പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും സിപിഎം സംഘടനാ ചുമതലതകളിൽ നിന്ന് നീക്കിയില്ല. ഇടത് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സജീവപ്രവർത്തകനായ നവീൻ ബാബുവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ പൂർണ്ണമായും അവഗണിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.സി. മനോജ്, എ.പി. ഗംഗാധരൻ, ജില്ലാ സെക്രട്ടറിമാരായ എം. അനീഷ് കുമാർ, അർജ്ജുൻ മാവിലക്കണ്ടി, ട്രഷറർ പി.കെ ശ്രീകുമാർ, മേഖലാ വൈസ് പ്രസിഡന്റ് കെ. രതീശൻ, പി.വി. അരുണാക്ഷൻ, കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബിനിൽ കണ്ണൂർ, ജനറൽ സെക്രട്ടറി ജിജു വിജയൻ, സെക്രട്ടറി കിരൺ കെ.പി., ജില്ലാ കമ്മറ്റിയംഗം രജീവൻ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ആർ. രേഷ്മ തുടങ്ങിയവർ അനുസ്മരണ പരിപാടികൾക്കു നേതൃത്വം നൽകി.