ഈ ഓണത്തിന് നമ്മുടെ വീട്ടിലെ പൂക്കളം കണ്ണൂർ ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീദേവ്നയ്ക്കു വേണ്ടിയാകട്ടെ, പൂവിൽപനയോടൊപ്പം ആവശ്യക്കാർക്ക് പായസവും വാങ്ങാം
ഗുരുതരമായ വൃക്കരോഗത്തോട് പോരാടുന്ന ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ശ്രീദേവ്നയുടെ ജീവൻ രക്ഷിക്കാൻ തിങ്കളാഴ്ച ചാലയിൽ പൂക്കൾ വിടരും.
കണ്ണൂർ/ ചാല : ഗുരുതരമായ വൃക്കരോഗത്തോട് പോരാടുന്ന ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ശ്രീദേവ്നയുടെ ജീവൻ രക്ഷിക്കാൻ തിങ്കളാഴ്ച ചാലയിൽ പൂക്കൾ വിടരും.ചികിത്സ ചെലവിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കാൻ 'ചങ്ക്സ്' കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ടൊരു ചികിത്സാ ഫണ്ട് സമാഹരണത്തിന് തുടക്കമാകുകയാണ്.
ശ്രീദേവ്നയുടെ വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെയുള്ള തുടർചികിത്സയ്ക്കായി ഏകദേശം 30 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി കർണാടകയിൽ നിന്ന് രണ്ടരലക്ഷത്തോളം രൂപയുടെ പൂക്കളാണ് കൂട്ടായ്മ ചാലയിലെത്തിച്ചിട്ടുള്ളത്. ചാല ഹയർ സെക്കൻഡറി സ്കൂൾ, കോയ്യോട് റോഡ് ജംഗ്ഷൻ, ചാല ബൈപ്പാസ് കവല എന്നിവിടങ്ങളിലാണ് പൂവില്പന നടക്കുന്നത്. പൂക്കൾ വിറ്റുകിട്ടുന്ന തുക മുഴുവനായും ഈ വിദ്യാർത്ഥിനിയുടെ ചികിത്സയ്ക്കായി മാറ്റിവെയ്ക്കും.
പൂക്കൾ ആവശ്യമില്ലാത്തവർക്കായി രുചികരമായ പായസവില്പനയും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. പായസം വാങ്ങുന്നവർ നൽകുന്ന തുകയും പൂർണ്ണമായും ചികിത്സാ ഫണ്ടിലേക്ക് നൽകും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ആണ് പൂക്കൾ വിൽക്കാൻ ഉദ്ദേശിക്കുന്നത്
നാടിന്റെ മുഴുവൻ പിന്തുണയോടെ ശ്രീദേവ്‌നയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന വലിയ പ്രതീക്ഷയിലാണ് ചങ്ക്സ് കൂട്ടായ്മയും പ്രദേശവാസികളും.