പൊന്ന്യത്തങ്കം സമാപിച്ചു ; ഒഴുകിയെത്തിയത് ജനസാഗരം

പൊന്ന്യത്തങ്കത്തിന് തലശ്ശേരി ഏഴരക്കണ്ടത്തിൽ സമാപനം. അവസാനദിനമായ ഞായറാഴ്ച വൈകീട്ട് മുതൽ പുലർച്ചെ വരെ നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പ്രകടനങ്ങൾ കാണാൻ ജനസാഗരമാണ്  പൊന്ന്യത്തെ അങ്കത്തട്ടിലേക്ക് ഒഴുകിയെത്തിയത്

 


തലശേരി : പൊന്ന്യത്തങ്കത്തിന് തലശ്ശേരി ഏഴരക്കണ്ടത്തിൽ സമാപനം. അവസാനദിനമായ ഞായറാഴ്ച വൈകീട്ട് മുതൽ പുലർച്ചെ വരെ നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പ്രകടനങ്ങൾ കാണാൻ ജനസാഗരമാണ്  പൊന്ന്യത്തെ അങ്കത്തട്ടിലേക്ക് ഒഴുകിയെത്തിയത്. തച്ചോളി ഒതേനന്റെയും കതിരൂർ ഗുരുക്കളുടെയും ചരിത്രമുറങ്ങുന്ന മണ്ണിൽ നടന്ന പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കിയുള്ള പരിപാടികൾ സാംസ്‌കാരിക കേരളത്തിന് പുതിയൊരു അനുഭവമായി മാറി. സമാപന ദിനമായ ഞായറാഴ്ച വൈകീട്ട് ചെങ്ങന്നൂർ പണിക്കേഴ്‌സ് കളരി, കോഴിക്കോട് ഭാർഗവ കളരി സംഘം, തിരുവനന്തപുരം അഗസ്ത്യ കളരി സംഘം എന്നിവയുടെ  കളരി അഭ്യാസ പ്രകടനങ്ങൾ അരങ്ങേറി. 

തുടർന്ന് നടന്ന സമാപന സമ്മേളനം തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സമാപനം ഉദ്ഘാടനം ചെയ്തു. തലശേരി നഗരസഭ മുൻസിപ്പൽ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ  അധ്യക്ഷനായി.  സ്പീക്കർ എ എൻ ഷംസീറിന് പൊന്ന്യം ചന്ദ്രൻ പെയിന്റിങ് സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഫൈസാന റഷീദ്, കതിരൂർ പഞ്ചായത്ത് അംഗം  റൂബി റിഷാദ്, തലശേരി സഹകരണ ആശുപത്രി പ്രസിഡന്റ് എം സി പവിത്രൻ, പൊന്ന്യം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് പിവി സന്തോഷ്, കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ പിവി ലവ്‌ലിൻ, പൊന്ന്യത്തങ്കം വർക്കിങ് ചെയർമാൻ പിപി സനൽ, കെവി രജീഷ്, സി സജീവൻ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ദഫ് മുട്ടും കലാമത്സര വിഭാഗത്തിൽ ഒപ്പനയും അരങ്ങിലെത്തി. ഇതര സംസ്ഥാന ആയോധനാ കലാരൂപമായ 'താങ് മച്ചാ യനബ' കാണികളെ ആവേശം കൊള്ളിച്ചു. രാത്രി ഒമ്പതിന് നടന്ന ഗൗരി ലക്ഷ്മി ലൈവ് ഷോയോടെ ആഘോഷങ്ങൾക്ക് സമാപനമായി