കണ്ണൂർ കുറുമാത്തൂരിലെ രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പൊലിസ് ; മാതാവ് അറസ്റ്റിൽ

കുറുമാത്തൂർ പൊക്കുണ്ടിലെ  രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണത്തിൽ മാതാവ് അറസ്റ്റിൽ .കൂറുമാത്തൂരിലെ ഹിലാൽ മൻസിലിൽ എം.പി മുബഷിറയാണ് അറസ്റ്റിലായത്

 

കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിലെ  രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണത്തിൽ മാതാവ് അറസ്റ്റിൽ .കൂറുമാത്തൂരിലെ ഹിലാൽ മൻസിലിൽ എം.പി മുബഷിറയാണ് അറസ്റ്റിലായത്

മുബഷിറയുടെ മകൻ രണ്ടുമാസം പ്രായമുള്ള ഹാമിഷ് അലനെ കിണറ്റിൽ തിങ്കളാഴ്ച്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്.കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിലേക്ക് വീണു എന്ന് മൊഴി നൽകിയ മുബഷിറ പിന്നീട് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

കുട്ടിയെ എണ്ണതേപ്പിച്ച് കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണുവെന്നാണ് ഉമ്മ പറഞ്ഞത്.ഉമ്മുമ്മ എണ്ണ തേപ്പിച്ച് ഉമ്മ മുബഷീറക്ക് കുട്ടിയെ കൊടുത്തപ്പോള്‍ കിണറില്‍ അബദ്ധത്തില്‍ വീണതായാണ് മൊഴി.

വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരന്‍ കുറുമാത്തൂര്‍ കടവിനടുത്ത പി.പി.നാസര്‍ 24 കോല്‍ താഴ്ച്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബദ്ധത്തില്‍ വീണതായി ഉമ്മ നല്‍കിയ മൊഴി പോലീസ് മുഖവിലക്കെടുത്തിരുന്നില്ല.ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ.ദിനേശന്‍ കൊതേരി എന്നിവര്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് കയ്യബദ്ധമല്ല, കുട്ടിയെ കിണറില്‍ എറിഞ്ഞുകൊന്നതാണെന്ന് തെളിഞ്ഞത്.

ഇരുമ്പ് ഗ്രില്ലും ആള്‍മറയുമുള്ള കിണറില്‍ കുഞ്ഞ് വീഴാനുള്ള ഒരു സാധ്യതയുമില്ലെന്ന് സ്ഥലപരിശോധനയില്‍ വ്യക്തമായ പോലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചിരുന്നു.

വനിതാപോലീസിന്റെ നേതൃത്വത്തില്‍ മുബഷീറയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കിണറില്‍ എറിയുകയാണെന്ന് വ്യക്തമായത്.കിണറിന് ഗ്രില്ല് ഉണ്ടായിരുന്നതും ടാങ്കില്‍ വെള്ളം ഉണ്ടായിരുന്നതും ചൂണ്ടിക്കാട്ടി പോലീസ് നേരത്തെ തന്നെ അബദ്ധത്തില്‍ വീണുമരിച്ചതായ ഉമ്മയുടെ വാദം തള്ളിക്കളഞ്ഞിരുന്നു.

കാര്യങ്ങള്‍ പോലീസിന് നേരത്തെ വ്യക്തമായിരുന്നുവെങ്കിലും ശാസ്ത്രീയമായ മുഴുവന്‍ തെളിവുകളും ശേഖരിച്ചശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്ന ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് വൈകിയത്.

ഇന്ന് രാവിലെ കുറുമാത്തൂരിലെ വീട്ടിലെത്തിയാണ് ഉമ്മ മുബഷീറയെ ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രസവിച്ച സ്ത്രീകളില്‍ ഉണ്ടാകാറുള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍(പ്രസവാനന്തര വിഷാദം) എന്ന മാനസിക സമ്മര്‍ദ്ദം കാരണമായിരിക്കാം ഈ കടുംകൈ ചെയ്യാന്‍ അമ്മയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയ മുബഷീറയെ ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.