കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍: കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നല്‍കി
മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നല്‍കി.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയിലെത്തിയ ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി പ്രതിനിധിസംഘം വി.മുരളീധരനുമായും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. സ്മൃതി ഇറാനി, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച്ച വീണ്ടും വി.മുരളീധരനെ കണ്ടത്.
പോയിന്റ് ഓഫ് കോള്‍ പദവി വൈകുന്ന സാഹചര്യമാണെങ്കില്‍ ഗോവയിലെ മനോഹര്‍ വിമാനത്താവളത്തില്‍ ഒമാന്‍ എയറിന് സര്‍വീസുകള്‍ അനുവദിച്ച മാതൃകയില്‍ കണ്ണൂരില്‍ നിന്നു സര്‍വീസ് നടത്താന്‍ വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നു ഭാരവാഹികളായ ജയദേവ് മാല്‍ഗുഡി, എസ്.കെ.ഷംസീര്‍ എന്നിവര്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ എത്തിയ പാര്‍ലമെന്ററി സ്ഥിരം സമിതിക്കു മുന്നിലും വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറി റുബിന അലിയുമായുള്ള കൂടിക്കാഴ്ചയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു.