പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ പ്രതിഷേധം: മന്ത്രി ജി.ആർ അനിൽ കണ്ണൂരിലെ രണ്ട് സപ്ളെക്കോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കില്ല
പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ചു സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. സർക്കാർ പരിപാടികളിൽ നിന്നും സി.പി.ഐ മന്ത്രിമാർ വിട്ടു നിൽക്കും. ഈ മാസം 27 വരെ ഇടതുമുന്നണി പരിപാടികളിൽ നിന്നും സി.പി.ഐ യും സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്നും മന്ത്രിമാരും വിട്ടു നിൽക്കും.
കണ്ണൂർ: പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ചു സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. സർക്കാർ പരിപാടികളിൽ നിന്നും സി.പി.ഐ മന്ത്രിമാർ വിട്ടു നിൽക്കും. ഈ മാസം 27 വരെ ഇടതുമുന്നണി പരിപാടികളിൽ നിന്നും സി.പി.ഐ യും സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്നും മന്ത്രിമാരും വിട്ടു നിൽക്കും. ഈ മാസം 27 ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ തുടർ നടപടികൾ തീരുമാനിക്കും. ഇന്ന് വൈകിട്ട് ശ്രീകണ്ഠാപുരം വളക്കൈ , പയ്യാവൂർ സൂപ്പർ മാർക്കറ്റ് ഉദ്ഘാടകനായാണ് മന്ത്രിയെ നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള പോസ്റ്ററുകളും മുൻകൂട്ടി തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് അംഗമായ തിനെ തുടർന്ന് സി.പി.ഐപ്രതിഷേധം ശക്തമാക്കിയത്.
ഇതിനിടെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം രംഗത്തെത്തി. മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് ധാരണാപത്രത്തിൽ ഒപ്പുവെക്കുക വഴി ഉണ്ടായിരിക്കുന്നതെന്നും അത് ബന്ധപ്പെട്ട മന്ത്രിയുടെയും വകുപ്പിന്റെയും അറിവോടും അനുമതിയോടും കൂടിയാണെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും എഡിറ്റോറിയൽ വിമർശിച്ചു.
'പിഎം ശ്രീ പദ്ധതിയോടുള്ള വിമർശനം അതിന്റെ 'പ്രധാനമന്ത്രി' ബ്രാൻഡിങ്ങിനോടുള്ള എതിർപ്പല്ല. മറിച്ച് ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമർശനമാണ്. വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവൽക്കണം, ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാർത്തെടുക്കുകയുമാണ് ആത്യന്തികമായ ലക്ഷ്യം. വിശാല അർത്ഥത്തിലുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തികവും സാമൂഹികവുമായ നീതിബോധം, വിവിധ ജനവിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും ദേശീയ ബോധവും തുടങ്ങി സാർവ്വത്രിക മൂല്യങ്ങളെ മുളയിലേ നുള്ളി സ്വേഛ്ഛാധികാരത്തിലും ജാതിവ്യവസ്ഥയിലും മതമേൽക്കോയ്മയിലും അധിഷ്ഠിതമായ സാമൂഹികസൃഷ്ടിക്ക് വിത്തുപാകുന്ന വിദ്യാഭ്യാസ സംവിധാനത്തെയാണ് വിഭാവനം ചെയ്യുന്നത് എന്നും ജനയുഗം എഡിറ്റോറിൽ ചൂണ്ടിക്കാട്ടി.