ട്രാൻസ്ജൻഡർ സമൂഹത്തെ പുച്ഛിക്കുന്നത് ക്രൂരം; പി.കെ. മേദിനി
ട്രാൻസ്ജൻഡർ സമൂഹത്തെയും ശാരീരിക വെല്ലു വിളിനേരിടുന്ന സമൂഹത്തെയും സഹായിക്കാൻ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്ന് സ്വാതന്ത്ര്യ സമര സേനാനിയും ജനകീയ ഗായികയുമായ പികെ മേദിനി പറഞ്ഞു
ആലപ്പുഴ: ട്രാൻസ്ജൻഡർ സമൂഹത്തെയും ശാരീരിക വെല്ലു വിളിനേരിടുന്ന സമൂഹത്തെയും സഹായിക്കാൻ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്ന് സ്വാതന്ത്ര്യ സമര സേനാനിയും ജനകീയ ഗായികയുമായ പികെ മേദിനി പറഞ്ഞു. ട്രാൻസ്ജൻഡറെ പുച്ഛിക്കുന്നതും ബഹിഷ്കരിക്കുന്നതും ക്രൂരമാണ്. എല്ലാ വിഭാഗങ്ങൾക്കും അവകാശപ്പെട്ടതാണ് ഭൂമി എന്നും അവർ പറഞ്ഞു.
ട്രാൻസ് ജെൻഡർ ജീവിതം ഇതിവൃത്തമാക്കി സാബ്ജി എഴുതിയ പുതിയ നോവൽ 'പെണ്ണോരം' ആലപ്പുഴ മാരാരിക്കുളത്ത് നടന്ന ചടങ്ങിൽ പ്രകാശിപ്പിക്കുകയായിരുന്നു അവർ. മുൻ മുഖ്യമന്ത്രി പികെ വാസുദേവൻ നായരുടെ പുത്രിയും സാംസ്കാരിക പ്രവർത്തകയുമായ ശാരദാ മോഹൻ പെണ്ണോരത്തിൻ്റെ കോപ്പി ഏറ്റുവാങ്ങി.
കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷനായിരുന്നു. ട്രാൻസ് സമൂഹത്തിന് ദിശാബോധം നൽകുന്ന കരുത്തുറ്റ കൃതിയാണ് പെണ്ണോരമെന്ന് അധ്യക്ഷ പ്രസംഗത്തിൽ കൊല്ലം മധു ചൂണ്ടിക്കാട്ടി. സാബ്ജി, ഡി ഹർഷകുമാർ എന്നിവർ പ്രസംഗിച്ചു.