'ജലസമൃദ്ധം പിണറായി പഞ്ചായത്ത്': നവീകരിച്ച പിണറായി മുട്ടേരികുളം നാടിന് സമർപ്പിച്ചു

ജലസമൃദ്ധം പിണറായി പഞ്ചായത്ത്' പദ്ധതിയുടെ ഭാഗമായി നവീകരിച്ച പിണറായി കിഴക്കുംഭാഗം മുട്ടേരികുളം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

 

കണ്ണൂർ : 'ജലസമൃദ്ധം പിണറായി പഞ്ചായത്ത്' പദ്ധതിയുടെ ഭാഗമായി നവീകരിച്ച പിണറായി കിഴക്കുംഭാഗം മുട്ടേരികുളം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുട്ടേരിവീട് ക്ഷേത്ര കമ്മിറ്റി പിണറായി പഞ്ചായത്തിന് വിട്ടു നൽകിയ ക്ഷേത്രക്കുളം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടായ 37,87,000 രൂപ ചിലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തിയത്.

ചടങ്ങിൽ പിണറായി ഗ്രാമപഞ്ചായത്ത് ബാല സൗഹൃദം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള മുന്നറിയിപ്പ് ബോർഡുകളുടെ അനാച്ഛാദനവും മന്ത്രി നിർവ്വഹിച്ചു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷത വഹിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് എ ഇ വെറോണി ജോസഫ് പദ്ധതി വിശദീകരണം നടത്തി . ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസാർ അഹമ്മദ്, സിഎം സജിത, പിണറായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി വേണുഗോപാലൻ, മുട്ടേരി വീട് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എം പി കൃഷ്ണദാസ്, എം. സുരേഷ് ബാബു, മുരിക്കോളി പവിത്രൻ, എം. രമേശൻ എന്നിവർ സംസാരിച്ചു. കരാറുകാരെയും ക്ഷേത്രം ഭാരവാഹികളെയും ആദരിച്ചു.