പിണറായി വെണ്ടുട്ടായിൽ പടക്കം പൊട്ടിയുണ്ടായ അപകടത്തെ ബോംബ് സ്ഫോടനമായി ചിത്രീകരിക്കുന്ന നീച പ്രചാരണം അവസാനിപ്പിക്കണം : കെ.കെ.രാഗേഷ്
കണ്ണൂർ : പിണറായിവെണ്ടുട്ടായിൽ പടക്കം പൊട്ടിയുണ്ടായ അപകടത്തെ ബോംബ് സ്ഫോടനമായി ചിത്രീകരിക്കുന്ന നീച പ്രചാരണം അവസാനിപ്പിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആവശ്യപ്പെട്ടു. വസ്തുതകൾ മറച്ചു വച്ച് സിപിഐഎമ്മിനെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്നും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. പടക്കത്തിന് തിരി കൊളുത്തുന്നതിനിടെ പൊട്ടിത്തെറിച്ചാണ് യുവാവിന് പരുക്കേറ്റത്. മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രത്തിൽ നിന്നു തന്നെ യുവാവിൻ്റെ കയ്യിലുള്ളത് തിരിയുള്ള പടക്കമാണെന്ന് വ്യക്തമാണ്. ബോംബ് നിർമ്മിക്കുകയാണെങ്കിൽ ആരെങ്കിലും അത് വാട്സാപ്പ് സ്റ്റാറ്റസ് ആക്കുമോയെന്നും കെ കെ രാഗേഷ് ചോദിച്ചു.
ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി പൊട്ടിയത് പടക്കമാണെന്ന് കണ്ടെത്തിയതാണ്. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡണ്ടും കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുകയാണെന്നും സിപി എം ജില്ലാ സെക്രട്ടറി പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് പൊട്ടിയ പടക്കത്തിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്.ഇത് പോലും മറച്ചു വച്ചാണ് മാധ്യമങ്ങൾ സിപിഐഎമ്മിനെതിരെ വ്യാജ വാർത്ത ചമയ്ക്കുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു.