പേരാവൂരിൽ മുഴുവൻ അയൽക്കൂട്ടങ്ങളും ഹരിതമാകും
വരുന്ന മാർച്ച് 31 ന് ശുചിത്വകേരളം പ്രഖ്യാപനത്തിന് മുന്നോടിയായാണ് മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിതമായി പ്രഖ്യാപിക്കുക
പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ കുടുംബശ്രീ അയൽകൂട്ടങ്ങൾ ഹരിതമാകും. വരുന്ന മാർച്ച് 31 ന് ശുചിത്വകേരളം പ്രഖ്യാപനത്തിന് മുന്നോടിയായാണ് മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിതമായി പ്രഖ്യാപിക്കുക.16 വാർഡിലായി 207 അയൽക്കൂട്ടങ്ങളാണ് പഞ്ചായത്തിലുള്ളത്.
ഖര മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമസേനക്ക് കൈമാറിയും, ജൈവ-ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിച്ചും, ജല സ്രോതസ്സുകൾ വൃത്തിയാക്കിയും,അയൽകൂട്ടപരിധിയിലെ പാതയോരങ്ങളും,പൊതുസ്ഥാപനങ്ങളും സൗന്ദര്യവൽക്കരിച്ചുമാണ് “ഹരിത അയൽകൂട്ടങ്ങൾ” സൃഷ്ടിക്കുക. സർവേ നടത്തുന്നതിനുള്ള മാർഗരേഖയും വിതരണം ചെയ്തു.
കുടുംബശ്രീ എ ഡി എസ്, സി ഡി എസ് അംഗങ്ങൾക്കുള്ള ശില്പശാല റോബിൻസ് ഹാളിൽ നടന്നു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു.ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പരിശീലനം നൽകി.
സ്ഥിര സമിതി അധ്യക്ഷരായ കെ വി ശരത്, റീന മനോഹരൻ, പഞ്ചായത്ത് അംഗങ്ങളായ റജീന സിറാജ് ബേബി സോജ,രഞ്ജുഷ മുരിങ്ങോടി,സി ഡി എസ് ചെയർപേഴ്സൺ ശാനി ശശീന്ദ്രൻ,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ രേഷ്മ, അസിസ്റ്റന്റ് സെക്രട്ടറി പി സിനി,ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.