പയ്യന്നൂർ, പായം തീയേറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ സിനിമാ പ്രദർശനത്തിന് ഒരുങ്ങും
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലുള്ള പയ്യന്നൂർ, പായം തീയേറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ സിനിമാ പ്രദർശനത്തിന് ഒരുങ്ങും. ധർമശാല, പാലയാട് ചിറക്കുനി കോംപ്ലക്‌സുകളുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തിയാവുന്നു.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലുള്ള പയ്യന്നൂർ, പായം തീയേറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ സിനിമാ പ്രദർശനത്തിന് ഒരുങ്ങും. ധർമശാല, പാലയാട് ചിറക്കുനി കോംപ്ലക്‌സുകളുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തിയാവുന്നു. അതോടൊപ്പം തളിപ്പറമ്പ് ധർമശാലയിൽ ആധുനിക സൗകര്യങ്ങളോടെ ചിത്രാജ്ഞലി റിക്കാർഡിങ് എഡിറ്റിങ് സ്‌റ്റുഡിയോയും സ്ഥാപിക്കും.
കണ്ണൂരിൽ ധർമശാല, ചിറക്കുനി , പായം, പയ്യന്നൂർ എന്നിവിടങ്ങളിലാണ് തീയേറ്ററുകൾ കോംപ്ലക്‌സുകൾ കോർപറേഷൻ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ആന്തൂർ നഗരസഭയിൽ കോർപറേഷന്റെ തിയേറ്റർ കോംപ്ലക്‌സിനൊപ്പമാണ് റിക്കാർഡിങ് സ്‌റ്റുഡിയോയും വരുന്നത്. മലബാർ മേഖലയിൽ ആദ്യമായാണ് ചിത്രാഞ്ജലിയുടെ സ്‌റ്റുഡിയോ സജ്ജീകരിക്കുന്നത്. ഇതോടെ സിനിമയുടെ ചിത്രീകരണാനന്തരമുള്ള ഡബ്ബിങ്, എഡിറ്റിങ് ഉൾപ്പെടെയുള്ള പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലി ചുരുങ്ങിയ ചെലവിൽ ഇവിടെ ചെയ്യാനാകും.
ധർമശാല നിഫ്‌റ്റ് ക്യാംപസിനോട് ചേർന്നുള്ള റവന്യൂ വകുപ്പിന്റെ 1.4 ഏക്കർ സ്ഥലത്താണ് തീയേറ്റർ കോംപ്ലക്‌സും സ്‌റ്റുഡിയോയും നിർമിക്കുക. റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി രണ്ട് മാസത്തിനുള്ളിൽ കോർപറേഷന് ലീസിന് കൈമാറുന്നതിനുള്ള നടപടി നടക്കുകയാണ്. അത് എത്രയും പെട്ടന്ന് പൂർത്തികരിക്കാനുള്ള ഇടപെടൽ നടത്താൻ എം വി ഗോവിന്ദൻ എംഎൽഎ ബന്ധപ്പെട്ടവരോട് നിർദേശിച്ചു.
നിർമാണം ആരംഭിക്കാനുള്ള രണ്ട് കോംപ്ലക്‌സുകളുടെ സ്ഥലം ഉടൻ ഏറ്റെടുത്ത് അവയുടെ ഡിസൈൻ പ്രവൃത്തികൾ നടത്തി ടെണ്ടർ നടപടിയിലേക്ക് കടക്കാൻ നിർദേശിച്ചതായി സ്ഥലങ്ങൾ സന്ദർശിച്ചശേഷം കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. തലശേരി- വളവുപാറ അന്തർസംസ്ഥാന പാതക്കരികിൽ കല്ലുമുട്ടിയിൽ പായം പഞ്ചായത്ത് നിർമിച്ച ഷോപ്പിങ് മാളിലെ മൂന്നാം നിലയിലാണ് മൾട്ടിപ്ലക്സ് തിയറ്റർ ഒരുക്കുന്നത്.
ഇന്റീരിയർ പ്രവൃത്തികൾക്കായി 7.22 കോടി രൂപ കിഫ്ബി അനുവദിച്ചിരുന്നു. ധർമടം മണ്ഡലത്തിൽ പാലയാട് നിർമിക്കുന്ന കോംപ്ലക്‌സിൽ രണ്ട് തീയേറ്ററുകൾക്കൊപ്പം ഫുഡ്‌കോർട് ഉൾപ്പെടെ ഒരുക്കും. ധർമശാലയിൽ മൾട്ടിപ്ലക്‌സിൽ വാണിജ്യാവശ്യങ്ങൾക്കും സ്ഥലസൗകര്യം കണ്ടെത്തും. പയ്യന്നൂരിലും രണ്ട് സ്‌ക്രീനുകളാവും ഉണ്ടാവുക.
കോർപറേഷൻ അംഗം ഷെറി ഗോവിന്ദ്, കമ്പനി സെക്രട്ടറി ജി വിദ്യ, പ്രൊജക്ട് മാനേജർ എം ആർ രതീഷ്, അസി. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി പ്രശാന്ത്, ചീഫ് എൻജിനീയർ ബാലകൃഷ്‌ണൻ തുടങ്ങിവരും സന്ദർശനസംഘത്തിലുണ്ടായിരുന്നു.
ധർമശാലയിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, കൗൺസിലർ ടികെ വി നാരായണൻ എന്നിവരുമുണ്ടായി.
'ചിത്രാജ്ഞലി എഡിറ്റിങ് ഡബിങ് സ്‌റ്റുഡിയോ മലബാർമേഖലയിലെ കേരളത്തിന്റെ സിനിമാ ചരിത്രത്തിലെ പുതിയൊരു കാൽവെയ്‌പാകും. സിനിമയെ ഏറെ സ്‌നേഹിക്കുന്ന മലബാറുകാർക്ക് അതിന്റെ സാങ്കേതിക തികവ് ഇവിടെതന്നെ സാധ്യമാക്കുകയാണ് ഉദ്ദേശം. അതോടൊപ്പം ആധുനിക നിലവാരത്തിലുള്ള ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഇന്റീരിയർ ക്രമീകരണങ്ങളുമുള്ളതാവും തീയറ്ററുകളെല്ലാമെന്ന്' സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ
ഷാജി എൻ കരുൺ പറഞ്ഞു.
'റീജ്യണൽ ഫെസ്‌റ്റിവലിന്റെ ഭാഗമായി രണ്ട് അന്തരാഷ്ട്ര ചലചിത്രമേളകൾ തളിപ്പറമ്പിൽ സംഘടിപ്പിച്ചപ്പോഴുള്ള ബഹുജന പങ്കാളിത്തം മികച്ച സിനിമകളെ നാട് സ്വീകരിക്കുന്നതിന്റെ തെളിവായിരുന്നു. അത്തരത്തിൽ മികച്ച സിനിമകളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മലബാർ മേഖലയ്‌ക്ക് മികച്ചൊരു നേട്ടമാവും തളിപ്പറമ്പ് മണ്ഡലത്തിൽവരുന്ന തീയേറ്ററുകൾ കോംപ്ലക്‌സുകളും ചിത്രാജ്ഞലി എഡിറ്റിങ്–- ഡബിങ് സ്‌റ്റുഡിയോയും. എൽഡിഎഫ് സർക്കാറിന്റെ വികസനവഴികളിൽ സവിശേഷമായ ഒന്നാകും ഈ പദ്ധതി' എന്ന് എം വി ഗോവിന്ദൻ എംഎൽഎയും പറഞ്ഞു.