അവധി ദിനത്തിൽ പയ്യാമ്പലം ബീച്ചിൽ ആയിരങ്ങൾ ഒഴുകിയെത്തി; ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീണ്ടു
ഓണം- നബിദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പയ്യാമ്പലം ബീച്ചിൽ ആയിരങ്ങൾ വിനോദ സഞ്ചാരികളായി എത്തി. അക്ഷരാർത്ഥത്തിൽ തിങ്ങിഞെരുങ്ങുകയായിരുന്നു പയ്യാമ്പലം ബീച്ചും പരിസരവും.
Sep 17, 2024, 13:14 IST
കണ്ണൂർ: ഓണം- നബിദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പയ്യാമ്പലം ബീച്ചിൽ ആയിരങ്ങൾ വിനോദ സഞ്ചാരികളായി എത്തി. അക്ഷരാർത്ഥത്തിൽ തിങ്ങിഞെരുങ്ങുകയായിരുന്നു പയ്യാമ്പലം ബീച്ചും പരിസരവും. പയ്യാമ്പലം ബീച്ച് റോഡു മുതൽ പള്ളിയാംമൂലവരെ ചെറുതും വലുതുമായ വാഹനങ്ങൾ മണിക്കുറുകളോളം കുടുങ്ങിക്കിടന്നു.
ഗതാഗത തിരക്ക് നിയന്ത്രിക്കാൻ വളരെ കുറച്ച് പൊലിസുകാർ മാത്രമേയുണ്ടായിരുന്നുള്ളു. ബീച്ചിൽ തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണി മുതൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സവോയ് ബിയർ പാർലറിനു മുൻപുള്ള റോഡും ഉർസുലിൻ വഴിയുള്ള റോഡും സ്തംഭിച്ചു.
വിനോദ സഞ്ചാരികൾ ഇറങ്ങി നടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. വിരലിൽ എണ്ണാവുന്ന ഹോം ഗാർഡുമാർ മാത്രമേ സുരക്ഷ ഒരുക്കാൻ ഉണ്ടായിരുന്നുള്ളു. കണ്ണൂർ നഗരത്തിലും മേളകൾ കാണാനെത്തിയവരുടെ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു