കണ്ണൂർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാകുന്നു? ബസ് കയറാനെത്തിയ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ബസ് കയറാനെത്തിയ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിനി ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

 

തളിപ്പറമ്പ : ബസ് കയറാനെത്തിയ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിനി ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മാതാവിനൊപ്പം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനായി ബസ് കയറാൻ സ്റ്റാൻഡിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.

പെരുമ്പടവ്–ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി എന്ന സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഫാത്തിമ അപകടത്തിൽപ്പെട്ടത്.നടന്നു പോകവേ പുറകിലെത്തിയ ബസ് , സ്റ്റാൻഡിൽ നിർത്തുന്നതിനിടെ ഫാത്തിമ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഇടതുകാൽ പാദത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്നതായും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം സംബന്ധിച്ചും നേരത്തെ  പരാതികൾ ഉയർന്നിരുന്നു.സ്റ്റാൻഡിനുള്ളിൽ കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ ആവശ്യമായ നിർദ്ദേശങ്ങളോ ഇല്ലാത്തതിനാൽ ബസുകൾ തോന്നിയ രീതിയിൽ പ്രവേശിക്കുകയും പുറത്തേക്ക് പോകുകയും ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ആക്ഷേപമുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസ് സ്റ്റാൻഡിൽ കൃത്യമായ ട്രാഫിക് ക്രമീകരണങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്