പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം: ദിവ്യയ്ക്ക് തെറ്റുപറ്റിയെന്ന് എം.വി ജയരാജൻ
കണ്ണൂർ : എ.ഡി.എം. നവീൻ ബാബുവിൻ്റെ ആത്മഹത്യാ കേസിൽ പ്രതിയായപി.പി ദിവ്യയെ തള്ളി പറയാതെയും ചേർത്തു നിർത്താതെയും സമദൂരം പാലിച്ച് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം ദിവ്യയുടേത് സദുദേശ പ്രസ്താവനയെന്നും യാത്രയയപ്പ് യോഗത്തിലെ ചില അവസാന വാചകങ്ങളാണ് തെറ്റായിപ്പോയതെന്നുമുള്ള നിലപാട് പാർട്ടി ഏരിയാ സമ്മേളനങ്ങളിൽ ആവർത്തിക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ .
നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണ് പാർട്ടി എന്നത് കൊണ്ടാണ് താൻ പത്തനംതിട്ട വരെ മൃതദേഹത്തെ അനുഗമിച്ചതെന്നും അഞ്ചരക്കണ്ടി ഏരിയ സമ്മേളനത്തിൽ ജയരാജൻ പ്രതിനിധികൾ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായി എം.വി ജയരാജൻ വ്യക്തമാക്കി.നവംബർ ഒന്ന് മുതൽ തുടങ്ങിയ സി.പി.എം ഏരിയാ സമ്മേളനങ്ങളിൽ പി.പി ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചില പ്രതിനിധികൾ ഉയർത്തിക്കാട്ടിയിരുന്നു. സമ്മേളന പ്രതിനിധികളിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റ് ബോധം കാത്തുസൂക്ഷിക്കുന്നതിൽ ദിവ്യ യ്ക്ക് വീഴ്ച പറ്റിയെന്ന വിമർശനമാണ് ഉന്നയിച്ചത്.
പയ്യന്നൂരിൽ തുടങ്ങി തളിപ്പറമ്പ്'' പെരിങ്ങോം, അഞ്ചരക്കണ്ടി, പിണറായി ഏരിയാ സമ്മേളനങ്ങൾ സി.പി. എം പിന്നിട്ടിരിക്കുകയാണ്. ഇതിൽ പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ് കൂടുതൽ വിമർശനം ദിവ്യ യ്ക്കെതിരെ ഉയർന്നത്.സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് സമ്മേളനത്തിൻ്റെ ഉദ്ഘാടകൻ. മേൽ കമ്മിറ്റിക്കായി പ്രതിനിധി ചർച്ചയ്ക്ക് മറുപടി പറഞ്ഞതും എം.വി ജയരാജൻ തന്നെയായിരുന്നു. എ.ഡി. എമ്മിൻ്റെ ആത്മഹത്യാ കേസിൽ പ്രതിയായ പി.പി ദിവ്യയെ ന്യായീകരിക്കാതെയും എ.ഡി. എമ്മിൻ്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്ന തോന്നലുണ്ടാക്കിയുമായിരുന്നു എം.വി ജയരാജൻ്റെ മറുപടി.
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്ന സാഹചര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് എം വി ജയരാജൻ ചൂണ്ടിക്കാട്ടി. എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാർഢ്യവും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും പറയുന്നു. ഇതിൽ നിജസ്ഥിതി പുറത്ത് വരണം. ദിവ്യക്കെതിരെ സ്വീകരിച്ചത് പാർട്ടി നടപടി മാത്രമാണ്. പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു.