തിരുവപ്പന ഉത്സവത്തിനൊരുങ്ങി പറശ്ശിനി മുത്തപ്പൻ മടപ്പുര; ഡിസംബർ 2 ന് കൊടിയേറും
ഭക്തിയും ആചാരപ്പെരുമയും ഒത്തുചേരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2 ബുധനാഴ്ച രാവിലെ കൊടിയേറും. പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ
കണ്ണൂർ: ഭക്തിയും ആചാരപ്പെരുമയും ഒത്തുചേരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2 ബുധനാഴ്ച രാവിലെ കൊടിയേറും. പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് തമ്പ്രാക്കൾ കൊടിയേറ്റുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്രതശുദ്ധിയും ആചാരാനുഷ്ഠാനങ്ങളും കോർത്തിണക്കുന്ന ഉത്സവനാളുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തർ സന്നിധിയിലെത്തും.
കൊടിയേറ്റത്തിന് ശേഷം ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് വ്രതശുദ്ധിയോടെ തറവാട്ടിലെ മുതിർന്ന സ്ത്രീ തയ്യാറാക്കുന്ന നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മലയിറക്കൽ കർമ്മം നടക്കും. തുടർന്ന് തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. ഇതിന് പിന്നാലെ തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ചവരവുകളും മുത്തപ്പ സന്നിധിയിലെത്തും.സന്ധ്യയ്ക്ക് മുത്തപ്പന്റെ വെള്ളാട്ടവും തുടർന്ന് അന്തിവേലയ്ക്കായി പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. അപകടരഹിതമായ ഡിജിറ്റൽ വെടിക്കെട്ടിന് ശേഷം പഞ്ചവാദ്യ സംഘത്തിന്റെ അകമ്പടിയോടെ കലശം മടപ്പുരയിലേക്ക് എഴുന്നള്ളിക്കും.
ഡിസംബർ മൂന്നിന് (വൃശ്ചികം 17) പുലർച്ചെ 5.30-ന് തിരുവപ്പന ആരംഭിക്കും. രാവിലെ 10 മണിയോടെ തയ്യിൽ തറവാട്ടുകാരെയും വിവിധ ദേശങ്ങളിൽ നിന്നെത്തിയ കാഴ്ചവരവുകാരെയും ശ്രീ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയയക്കും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്.ഉത്സവത്തോടനുബന്ധിച്ച് ഡിസംബർ 5, 6 തീയതികളിൽ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ കഥകളിയോഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ അണിനിരത്തി കഥകളിയും അരങ്ങേറും. ഡിസംബർ ആറിന് (വൃശ്ചികം 20) കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും. വാർത്താസമ്മേളനത്തിൽ പി.എം. വിനോദ്കുമാർ, ടി.എം. സുജിത്, പി. സജീവ്, ശരത് പ്രമോദ് എന്നിവർ പങ്കെടുത്തു.