പുഴയിലെ മീൻകെണിയിൽ കുടുങ്ങി പറശിനിക്കടവ് ബോട്ടിന് തകരാർ; യാത്രക്കാരെ സുരക്ഷിതമായി മാറ്റി

മീൻ പിടിക്കാനായി പുഴയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കെണിയിൽ കുടുങ്ങി പറശിനിക്കടവിലേക്കുള്ള ബോട്ടിന് തകരാർ സംഭവിച്ചു. ഇന്നലെ വൈകിട്ട് 3.30-ഓടെ പാമ്പുരുത്തി ഭാഗത്താണ് സംഭവം. വളപട്ടണത്ത് നിന്ന് പറശിനിക്കടവിലേക്ക് വരികയായിരുന്ന ബോട്ടിന്റെ പ്രോപെല്ലറിലാണ് മീൻകെണി കുടുങ്ങിയത്.പാമ്പുരുത്തി ബോട്ട് ജെട്ടിക്ക് സമീപത്ത് യാത്രക്കാരെ കയറ്റാൻ എത്തിയപ്പോഴാണ് അപകടം.

 

പറശിനിക്കടവ്: മീൻ പിടിക്കാനായി പുഴയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കെണിയിൽ കുടുങ്ങി പറശിനിക്കടവിലേക്കുള്ള ബോട്ടിന് തകരാർ സംഭവിച്ചു. ഇന്നലെ വൈകിട്ട് 3.30-ഓടെ പാമ്പുരുത്തി ഭാഗത്താണ് സംഭവം. വളപട്ടണത്ത് നിന്ന് പറശിനിക്കടവിലേക്ക് വരികയായിരുന്ന ബോട്ടിന്റെ പ്രോപെല്ലറിലാണ് മീൻകെണി കുടുങ്ങിയത്.പാമ്പുരുത്തി ബോട്ട് ജെട്ടിക്ക് സമീപത്ത് യാത്രക്കാരെ കയറ്റാൻ എത്തിയപ്പോഴാണ് അപകടം. പ്രോപെല്ലറിൽ ഇരുമ്പ് കമ്പികൊണ്ടുള്ള മത്സ്യക്കൂട് കുടുങ്ങിയതോടെ എഞ്ചിൻ നിശ്ചലമാവുകയും ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ബോട്ടിന്റെ അടിഭാഗം ഇരുമ്പ് തൂണിലിടിച്ച് ദ്വാരമുണ്ടാകുകയും ബോട്ടിലേക്ക് വെള്ളം കയറുകയും ചെയ്തു.

ബോട്ടിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ ഉടൻ തന്നെ മറ്റൊരു സ്വകാര്യ ബോട്ടിൽ പറശിനിക്കടവിലേക്ക് സുരക്ഷിതമായി എത്തിച്ചു. ജീവനക്കാർ ഏകദേശം ഒന്നര മണിക്കൂറോളം പുഴയിൽ മുങ്ങിക്കിടന്ന് പ്രയത്നിച്ചാണ് ഇരുമ്പ് കൂട് അഴിച്ചെടുത്തത്. രാത്രിയോടെയാണ് തകരാറിലായ ബോട്ട് പറശിനിക്കടവിലേക്ക് മാറ്റിയത്.പുഴയുടെ പല ഭാഗങ്ങളിലും അനധികൃതമായി ഇത്തരം മീൻകെണികൾ സ്ഥാപിക്കാറുണ്ടെന്നും, ഇത് ബോട്ടുകൾക്ക് ഗുരുതര കേടുപാടുകൾ വരുത്തുന്നതിനൊപ്പം വലിയ സാമ്പത്തിക നഷ്ടത്തിനും അപകടസാധ്യതയ്ക്കും കാരണമാകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.