പി. മുകുന്ദനെ തഴഞ്ഞു; പറശ്ശിനിയിൽ ബാങ്ക് ഉദ്ഘാടനം വിവാദത്തിൽ, പ്രതിഷേധവുമായി നാട്ടുകാർ
മൊറാഴ കല്യാശേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പറശ്ശിനി ശാഖാ ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ. മുൻ ആന്തൂർ നഗരസഭാ ചെയർമാനും സി.പി.എം മുൻ ഏരിയ
പറശ്ശിനിക്കടവ്: മൊറാഴ കല്യാശേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പറശ്ശിനി ശാഖാ ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ. മുൻ ആന്തൂർ നഗരസഭാ ചെയർമാനും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായ പി. മുകുന്ദനെ ചടങ്ങിൽ നിന്ന് പൂർണ്ണമായും തഴഞ്ഞതാണ് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുന്നത്.
ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിരം എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമള ചടങ്ങിൽ പങ്കെടുക്കുകയും വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ബാങ്കുമായി അടുത്ത ബന്ധമുള്ളതുമായ പി. മുകുന്ദനെ വേദിയിലോ പരിപാടിയിലോ പരിഗണിക്കാതിരുന്നത് അണികൾക്കിടയിലും നാട്ടുകാർക്കിടയിലും അമ്പരപ്പുണ്ടാക്കി.
ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയായിരുന്നു പി. മുകുന്ദൻ. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴാണ് അദ്ദേഹം ജോലി രാജിവെച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഇതേ ബാങ്കിൽ ജോലി ലഭിച്ചിരുന്നു. സി.പി.എമ്മിന്റെ തളിപ്പറമ്പ് ഏരിയ സെക്രട്ടറി, ആന്തൂർ നഗരസഭാ ചെയർമാൻ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മുകുന്ദൻ, തന്റെ ശാന്ത സ്വഭാവം കൊണ്ട് രാഷ്ട്രീയത്തിന് അതീതമായി നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്.
ഈ സംഭവം കൂടാതെ പി.മുകുന്ദൻ്റെ വീടിനു സമീപത്ത് പ്രവർത്തിക്കുന്ന ഇതേ ബാങ്കിൻ്റെ മറ്റൊരു ശാഖയിലെ പ്രധാന ചടങ്ങിലും അദ്ദേഹത്തെ പൂർണ്ണമായി അവഗണിച്ചിരുന്നു. തുടർന്ന്ജനപ്രിയനായ നേതാവിനെ ബോധപൂർവ്വം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നാട്ടുകാർ ബാങ്ക് ഇടപാടുകൾ ബഹിഷ്കരിച്ചിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിച്ച വ്യക്തിയെ സ്വന്തം നാട്ടിലെ ചടങ്ങിൽ നിന്ന് തഴഞ്ഞത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രണ്ട് സംഭവങ്ങളും പാർട്ടിക്കുള്ളിലും പ്രാദേശിക തലത്തിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.