ഓപ്പറേഷൻ സൈ-ഹണ്ട് 2.0; കണ്ണൂരിൽ  ഒരാൾ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി 

ജില്ലാ പോലീസ് മേധാവിയുടെ മാർഗനിർദേശപ്രകാരം കണ്ണൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളെയും ഏകോപിപ്പിച്ച്  ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 27 റെയ്ഡുകളാണ് നടത്തിയത്.

 

കണ്ണൂർ :  സംസ്ഥാന വ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി നടത്തുന്ന 'ഓപ്പറേഷൻ സൈ-ഹണ്ട് 2.0'ന്റെ ഭാഗമായി കണ്ണൂർ റൂറൽ ജില്ലയിൽ നടത്തിയ തെരച്ചിലിൽ ഒരാൾ പിടിയിലായി. ജില്ലാ പോലീസ് മേധാവിയുടെ മാർഗനിർദേശപ്രകാരം കണ്ണൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളെയും ഏകോപിപ്പിച്ച്  ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 27 റെയ്ഡുകളാണ് നടത്തിയത്.

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, വിവിധ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള സംശയാസ്പദമായ വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഈ റെയ്ഡുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 15 എഫ്.ഐ.ആർ കേസുകൾ രജിസ്റ്റർ ചെയ്യുകയും  ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കൂടാതെ, സംശയകരമായ ഓൺലൈൻ ഇടപാടുകളും പ്രവർത്തനങ്ങളും സംബന്ധിച്ച് നാല് പേർക്ക് നോട്ടീസ് നൽകുകയും, ഇവരുടെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മൂന്ന് മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതിനകം രജിസ്റ്റർ ചെയ്ത കേസുകളിൽ ഊർജിതമായ അന്വേഷണം നടത്തി, ബന്ധപ്പെട്ട മറ്റു പ്രതികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. "സാധാരണക്കാരെ വലയിലാക്കുന്ന ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ ഇത്തരം പരിശോധനകൾ തുടരുമെന്നും" കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.