കണ്ണൂരിൽ ഒളിമ്പിക്ക് മാരത്തോണിൽ രണ്ടായിരം പേർ പങ്കെടുക്കും

ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 23 ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിന്നും ഒളിമ്പിക് മാരത്തോൺ നടത്തും.
 

കണ്ണൂർ: ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 23 ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിന്നും ഒളിമ്പിക് മാരത്തോൺ നടത്തും. രാവിലെ ഒൻപതു മണിക്ക് നടക്കുന്ന മാരത്തോൺ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്യും. 

രണ്ടായിരത്തിലേറെ കായിക താരങ്ങൾ പങ്കെടുക്കുന്ന മാരത്തോൺ ജവഹർ സ്റ്റേഡിയത്തിൽ നിന്നും തുടങ്ങി നഗരം ചുറ്റിയതിനു ശേഷം സ്റ്റേഡിയത്തിൽ തന്നെ സമാപിക്കും. തുടർന്ന് കായിക താരങ്ങൾ ഒളിമ്പിക്ക് ദീപം തെളിയിക്കും. ഒളിമ്പിക്ക് മാരത്തോണിനൊടൊപ്പം സൈക്കിൾ റാലിയും നടക്കും. കണ്ണൂർ ജില്ലയിലെ സ്പോർട്സ് സ്കൂൾ കായിക താരങ്ങൾ ഉൾപ്പെടെയാണ് മാരത്തോണിൽ പങ്കെടുക്കുക.

ഇതിനായുള്ള രജിസ്ട്രേഷൻ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. മാരത്തോണിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ ഒളിമ്പിക്ക് ടീ ഷർട്ടുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ ഡോ.എൻ കെ സൂരജ്, കൺവീനർ ഡോ: പി കെ ജഗനാഥൻ എന്നിവർ പങ്കെടുത്തു.