കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് വിമർശനം; പയ്യാമ്പലം പൊതു ശ്മശാനവുമായി ബന്ധപ്പെട്ട ആരോപണം ആവർത്തിച്ച് പി.കെ രാഗേഷ്
എളയാവൂർ ശിശുമന്ദിരത്തിലെ പ്രവൃത്തി തുകയിൽ ബാക്കിയുള്ള തുക ഉപയോഗിക്കുന്ന അജൻഡ ചർച്ചയ്ക്ക് വന്നപ്പോഴാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ചത്.
കണ്ണൂർ: കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കോർപറേഷൻ എഞ്ചിനിയറിങ് ഉദ്യോഗസ്ഥൻമാർക്കെതിരെ വിമർശനവുമായി ഭരണ' - പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി. ജനങ്ങളുടെ താൽപര്യത്തിനനുസരിച്ചല്ലാതെ ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങൾ കൗൺസിലിൽ നടക്കുന്നുണ്ടെന്ന് ഭരണകക്ഷി അംഗം വി കെ അബ്ദുൾ റസാഖ് കുറ്റപ്പെടുത്തിയപ്പോൾ എഞ്ചിനിയറിങ് വിഭാഗം ഉദ്യോഗസ്ഥർ ചിലഫയലുകളോട് കാണിക്കുന്ന അമാന്തം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷത്തെ പ്രദീപനും ചൂണ്ടിക്കാട്ടി.
എളയാവൂർ ശിശുമന്ദിരത്തിലെ പ്രവൃത്തി തുകയിൽ ബാക്കിയുള്ള തുക ഉപയോഗിക്കുന്ന അജൻഡ ചർച്ചയ്ക്ക് വന്നപ്പോഴാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ചത്. കൗൺസിലിൽ എടുക്കുന്ന അജണ്ടകളുടെ ബാഹുല്യം പ്രശ്നം സൃഷ്ടിക്കുന്നതായി വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി കെ രാഗേഷ് ചൂണ്ടിക്കാട്ടി. കോർപറേഷന്റെ ആറ്റടപ്പ അർബൻ ഡയാലിസിസ് സെന്റർ നടത്തിപ്പ് ചുമതല ഏജൻസികളെ ഏൽപ്പിക്കണമെന്ന സാബിറ ടീച്ചറുടെ അഭിപ്രായത്തോട് പ്രതിപക്ഷം എതിർപ്പ് രേഖപ്പെടുത്തി.
കഴിഞ്ഞ കൗൺസിലിൽ ഉന്നയിച്ച കൈക്കൂലി ആരോപണത്തിൽ നടപടിയുണ്ടാവാത്തതിൽ പ്രതിഷേധവുമായി വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി കെ രാഗേഷ് രംഗത്തെത്തി. കഴിഞ്ഞ കൗൺസിലിൽ പയ്യാമ്പലത്തെ ശ്മശാനവുമായി ബന്ധപ്പെട്ട് അഞ്ചരലക്ഷത്തിന്റെ കൈക്കൂലി ആരോപണം പി കെ രാഗേഷ് വീണ്ടും ഉന്നയിച്ചു. വിഷയത്തിൽ പി കെ രാഗേഷിനെ പ്രതിപക്ഷം അനുകൂലിച്ചത് ഭരണപക്ഷത്തെ പ്രകോപിതരാക്കി.
തുടർന്ന് കൗൺസിൽ അൽപസമയം ബഹളം സൃഷ്ടിച്ചു. അഡ്വ.ടി ഒ മോഹനൻ, സുരേഷ്ബാബു എളയാവൂർ, സിയാദ് തങ്ങൾ, അഡ്വ. പി കെ അൻവർ , അഡ്വ.പി ഇന്ദിര,വി കെ ഷൈജു തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.