ടി വി റിപ്പയർ ചെയ്യാനുണ്ടോ എന്നന്വേഷിച്ചെത്തി വീടുകൾ നോക്കി വയ്ക്കും; ആന്തൂരിൽ മോഷണം നടത്തിയ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയിൽ
കണ്ണൂർ: ആന്തൂരിൽ മോഷണം നടത്തിയ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയിൽ. ആന്ധാപ്രദേശ് സ്വദേശിയായ ഉമേഷ് എന്ന ഉമേഷ് റെഡ്ഡിയാണ് പിടിയിലായത്. ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍ എന്നിവയുടെ റിപ്പേര്‍ ജോലിയുണ്ടോ എന്ന് അന്വേഷിച്ചെത്തി വീടുകൾ നോക്കിവച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആന്തൂര്‍കാവിന് സമീപത്ത ചേനന്‍ തങ്കമണിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയുമാണ് വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍, ലോഡ്ജുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ്
പ്രതി പിടിയിലായത്.
ആന്ധാപ്രദേശ് സ്വദേശിയായ ഉമേഷ് വര്‍ഷങ്ങളായി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് താമസം. കഴിഞ്ഞ ദിവസം പറശിനിക്കടവില്‍ എത്തിയ ഉമേഷ് ലോഡ്ജില്‍ മുറിയെടുത്താണ് മോഷണം നടത്തിയത്. പരിസര പ്രദേശത്തെ വീടുകളില്‍ ചെന്ന് ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍ എന്നിവയുടെ റിപ്പേര്‍ ജോലിയുണ്ടോ എന്ന് ഇയാൾ അന്വേഷിച്ചിരുന്നു. ഇത്തരത്തിൽ വീടുകളിലെത്തിയാണ് ഇയാൾ മോഷണം പ്ലാന്‍ ചെയ്യാറുള്ളത്.
തമിഴ്‌നാട്, ആന്ധ്ര, കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് പിന്തുടരുന്നതായി സംശയം തോന്നിയ പ്രതി പറശ്ശിനി ലോഡ്ജിൽ നിന്നും തോട്ടടയിലെ റിസോര്‍ട്ടിലേക്ക് താമസം മാറിയിരുന്നു. ഇവിടെനിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്.
മോഷ്ടിച്ച പണം പ്രതിയില്‍ നിന്ന് കണ്ടെടുത്തു. സ്വര്‍ണമാല എടുത്തില്ലെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ തോട്ടടയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.