ഓണം നാളുകളിലും ശമ്പളമില്ല : റെയ്ഡ് കോ ജീവനക്കാർ കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ പട്ടിണി സമരം തുടങ്ങി
ആറുമാസത്തിലധികമായി ശമ്പളമോ, കുടിശിക മോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് റെയ്ഡ് കോ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽഒരു വിഭാഗം ജീവനക്കാർ കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ പട്ടിണി സമരം തുടങ്ങി.
കണ്ണൂർ : ആറുമാസത്തിലധികമായി ശമ്പളമോ, കുടിശിക മോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് റെയ്ഡ് കോ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽഒരു വിഭാഗം ജീവനക്കാർ കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ പട്ടിണി സമരം തുടങ്ങി. ഉത്രാടനാളിലും തിരുവോണനാളും ഉൾപ്പെടെയുള്ള ദിവസങ്ങളിൽ നടത്തുന്ന പട്ടിണി സമരം 26 ന് സമാപിക്കും. സമരത്തിൻ്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ പിച്ചതെണ്ടി ബക്കറ്റ് പിരിവെടുക്കും. സമരം അഡ്വ ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
എം സുരേഷ് കുമാർ അദ്ധ്യക്ഷനായി. കെ സി ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് അമ്പക്കാടൻ, കെ വിജയചന്ദ്രൻ , മുണ്ടേരി ഗംഗാധരൻ ,പി മാധവൻ മാസ്റ്റർ, എം ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. റെയ്ഡ് കോയിലെ ഇടപാടുകളിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വിഷയത്തിൽ സർക്കാർ ഇടപെട്ട് വിജിലൻസ് അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും സംരക്ഷണസമിതി സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
മാനേജ്മെന്റിന് നിരവധി തവണ കത്ത് നൽകിയെങ്കിലും ശമ്പളംനൽകാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരമെന്ന് ഭാരവാഹികൾ പറഞ്ഞു. സമരസമിതികൺവീനർബൈജു കെ സി, ചെയർമാൻ എം.സുരേഷ് കുമാർ , ഇ കെമധു തുടങ്ങിയവർ നേതൃത്വം നൽകി.