തലശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു ; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

 

തലശേരി: തലശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു.  മട്ടന്നൂർ ഉരുവച്ചാൽ പെരിഞ്ചേരിയിലെ ശ്രീനന്ദനത്തിൽ അനിഷയുടെ (26) ആദ്യ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്.ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. ചികിത്സ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അനിഷയുടെ ഭർത്താവ് ശരത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് തലശേരി പൊലീസ് കേസെടുത്തു. മരണകാരണമറിയാൻ കുഞ്ഞിന്റെ ശരീരം പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.  

ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.പ്രീജയുടെ ചികിത്സാ പരിചരണത്തിലായിരുന്നു അനിഷ. പ്രസവ മടുത്തതോടെ ചൊവ്വാഴ്ച വൈകുന്നേരം ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.  രാത്രിയോടെ യുവതിക്ക് ഗർഭപാത്രത്തിൽ നിന്നും സ്രവമുണ്ടായി. ഡ്യൂട്ടി ഡോക്ടർ പൂർണിമയുടെ നിർദ്ദേശപ്രകാരം രാത്രി പത്തരയോടെ ഓപറേഷൻ തീയ്യറ്ററിലേക്ക് മാറ്റി. വിവരം നൽകിയിട്ടും ഡോ.പ്രീജ വരാൻ ഏറെ വൈകിയെന്ന് ബന്ധുക്കൾ പറഞ്ഞു.  പുലർച്ചെ രണ്ടര മണിയോടെ ഡോക്ടർ എത്തി. ഇതിന് ശേഷമാണ് കുഞ്ഞ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. ഒരു വർഷം മുമ്പാണ് ഫർണിച്ചർ ജോലിക്കാരനായ ശരത്തും അനിഷയും വിവാഹിതരായത്.