പുതുവത്സരാഘോഷം സമയപരിധി കഴിഞ്ഞപ്പോൾ തടഞ്ഞ പൊലിസുകാരെ ഭീഷണിപ്പെടുത്തിയ കേസിൽ സി.പി.ഐ ജില്ലാ നേതാവ് കോമത്ത് മുരളീധരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു

മാന്തം കുണ്ട് റസിഡൻസ് അസോസിയേഷൻ്റെ പുതുവത്സരാഘോഷം സമയപരിധി കടന്നതിനും ഇതു തടയാൻ ശ്രമിച്ച പൊലിസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സി.പി.ഐ കണ്ണൂർജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്നലെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുരളീധരന്റെ പേരില്‍ ഇന്ന്പുലര്‍ച്ചെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനുമാണ് കേസെടുത്തത്.

 

തളിപ്പറമ്പ്: മാന്തം കുണ്ട് റസിഡൻസ് അസോസിയേഷൻ്റെ പുതുവത്സരാഘോഷം സമയപരിധി കടന്നതിനും ഇതു തടയാൻ ശ്രമിച്ച പൊലിസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സി.പി.ഐ കണ്ണൂർജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്നലെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുരളീധരന്റെ പേരില്‍ ഇന്ന്പുലര്‍ച്ചെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനുമാണ് കേസെടുത്തത്.

മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ പരിപാടിയില്‍ രാത്രി 12.20 ന് മൈക്ക് പ്രവര്‍ത്തിപ്പിച്ച് ശബ്ദമലിനീകരണവും പൊതുജനങ്ങള്‍ക്ക് ശല്യവും ഉണ്ടാക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശനെ നീയാരാടാ മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നത് തടയാനെന്ന് ആക്രോശിച്ച് ഭീഷണിപ്പെടുത്തുകയും സ്ഥലത്തുണ്ടായിരുന്ന വിജേഷ്, ബിജു എന്നിവരും കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേരും പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഇന്നലെ രാവിലെ 11.30 ന് കോമത്ത് മുരളീധരന്‍(60), റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.ഷിജു(36), എം.വിജേഷ്(36), കരിയില്‍ ബിജു(40)എന്നിവരെ എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തില്‍ പോലീസ് മുന്‍കരുതലായി കസ്റ്റഡിയിലെടുത്തിരുന്നു.വഴിയരികില്‍ സംശയാസ്പദമായി നില്‍ക്കുകയും പൊലീസിനെ കണ്ട് പരുങ്ങുകയും ചെയ്തതു കണ്ട് എന്തോ കുറ്റകൃത്യം ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നതാണെന്നുള്ള ഉത്തമവിശ്വാസത്തില്‍ അറസ്റ്റ് ചെയ്തതായാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള യുവധാര ക്ലബ്ബും സി.പി.ഐ പ്രവര്‍ത്തകര്‍ ഭാരവാഹികളായ മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷനും തമ്മില്‍ കഴിഞ്ഞ വര്‍ഷവും ന്യൂഇയര്‍ ആഘോഷത്തിന്റെ പേരില്‍ പരസ്പരം സംഘർഷമുണ്ടായിരുന്നു.ഇത്തവണ യുവധാര ക്ലബ്ബ് മൈക്ക് പെര്‍മിഷന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പരിപാടി നടത്തിയിരുന്നില്ല. 

സി.പി.എം തളിപറമ്പ് ഏരിയാ കമ്മിറ്റി മുൻ അംഗമായി കോമത്ത് മുരളീധരനെ 2021 നവംബറിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനു ശേഷം കോമത്ത് മുരളീധരനടക്കം 57 പേർ സി.പി.എം വിട്ടു സി.പി.ഐയിൽ ചേർന്നു. ഇതോടെയാണ് തളിപ്പറമ്പിൽ സി.പി.എം - സി.പി.ഐ സംഘർഷമുണ്ടായത്. മാന്തം കുണ്ടിൽ കോമത്ത് മുരളിധരൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ച സി.പി.ഐ കൊടിയും കൊടിമരവും നശിപ്പിക്കുകയും അദ്ദേഹം കൈയ്യേറ്റത്തിന് ഇരയാവുകയും ചെയ്തുവെന്ന് പരാതി നൽകിയിരുന്നു.