നവീന്‍ ബാബുവിന്റെ മരണം ; കേസ് അന്വേഷണം സിബിഐക്കു കൈമാറണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേസ് സിബിഐക്കു കൈമാറണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേസ് സിബിഐക്കു കൈമാറണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
എഡിഎം മരണപ്പെടാനിടയായ സംഭവത്തില്‍ അരുണ്‍ കെ വിജയന്റെ ഇടപെടലുകള്‍ സംശയാസ്പദമാണ്. കലക്ടറെക്കുറിച്ച് നവീന്‍ ബാബുവിന്റെ കുടുംബം ഒട്ടേറെ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്തൊക്കെയോ മറച്ചുവെച്ചാണ് കലക്ടര്‍ മാധ്യമങ്ങളോടടക്കം സംസാരിക്കുന്നത്.
ഈ വിഷയത്തില്‍ തികഞ്ഞ അസഹിഷ്ണുതയാണ് കലക്ടര്‍ പ്രകടിപ്പിക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തില്‍ നവീന്‍ ബാബുവിന്റെ വിഷയം ഉന്നയിച്ച വിരോധത്തിലാണ് കെ. സുധാകരന്‍ എംപിയുടെ പ്രതിനിധി ടി.ജയകൃഷ്ണനെ വികസന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
ജില്ലാ കലക്ടറെ ആ സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തെ നിഷ്പക്ഷമെന്ന് പറയാനാവില്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള നേതാവാണ്. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം രാഷ്ട്രീയ ബന്ധങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ അത് നിഷ്പക്ഷമാകില്ല.
കേസ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും ഇതിനകം നടന്നിട്ടുണ്ട്. പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്റെ ഒപ്പുകളില്‍ വരെ വൈരുദ്ധ്യം കണ്ടതാണ്. വ്യാജമായ പരാതി തയ്യാറാക്കിയതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും അത് സംബന്ധിച്ച അന്വേഷണം അട്ടിമറിക്കുകയാണുണ്ടായത് .
ഇത്തരമൊരു സാഹചര്യത്തില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്താന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി നിര്‍ത്തുക, നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് അന്വേഷണം സിബിഐക്ക് കൈമാറുക ,നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഡിസംബര്‍ നാലിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയം നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.