ദേശീയ ബോക്‌സിംഗ് മെഡൽ ജേതാക്കൾക്ക് 25,000 രൂപയുടെ കാഷ് അവാർഡ് നൽകി അനുമോദിച്ചു
ദേശീയ ബോക്‌സിംഗ് മത്സരങ്ങളിൽ കേരളത്തിനു വേണ്ടി മെഡൽ നേടിയ കണ്ണൂർ ജില്ലാതാരങ്ങളെയും പരിശീലിപ്പിച്ച കോച്ചിനെയും ദയ അക്കാദമിയും ജില്ലാ ബോക്‌സിംഗ് അസോസിയേഷനും ചേർന്ന് കാഷ് അവാർഡുകൾ നൽകി അനുമോദിച്ചു.
കണ്ണൂർ: ദേശീയ ബോക്‌സിംഗ് മത്സരങ്ങളിൽ കേരളത്തിനു വേണ്ടി മെഡൽ നേടിയ കണ്ണൂർ ജില്ലാതാരങ്ങളെയും പരിശീലിപ്പിച്ച കോച്ചിനെയും ദയ അക്കാദമിയും ജില്ലാ ബോക്‌സിംഗ് അസോസിയേഷനും ചേർന്ന് കാഷ് അവാർഡുകൾ നൽകി അനുമോദിച്ചു.
ഹരിയാനയിൽ വെച്ചു നടന്ന ദേശീയ ജൂനിയർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെങ്കല മെഡൽ നേടിയ അശ്വതി ബിജു, ഡൽഹിയിൽ നടന്ന ദേശീയ സ്‌കൂൾ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആർ അക്ഷയ, ദേശീയ സ്‌കൂൾ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പരിശീലകനായ എം.എസ് സിജിൻ എന്നിവർക്കാണ് 25,000 രൂപ വീതം കാഷ് അവാർഡുകൾ നൽകിയത്.
ദയ അക്കാദമി സെക്രട്ടറി കെ. രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി വി. നജീഷ്, ദയ അക്കാദമിയിലെ ബോക്‌സിംഗ് കോച്ച് ശ്രീജിത്ത് അമ്പൻ എന്നിവർ ക്യാഷ് അവാർഡുകൾ കൈമാറി.കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി നടന്ന സംസ്ഥാന സബ് ജൂനിയർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന് ഉദ്ഘാടനത്തിനിടെയാണ് ബോക്‌സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡവലപ്‌മെന്റ് കമ്മിഷൻ വൈസ് ചെയർമാനും ദയ അക്കാദമി ചെയർമാനുമായ ഡോ. എൻ.കെ. സൂരജ് ക്യാഷ് അവാർഡുകൾ പ്രഖ്യാപിച്ചത്. സമാപനദിവസം ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിച്ചു.
ചടങ്ങിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, ജില്ലാ ബോക്‌സിംഗ് അസോസിയേഷൻ പ്രസിഡന്റ് എം. പ്രശാന്ത്, സെക്രട്ടറി എസ്.ആർ. ശ്രീജിത്ത്, ദയ അക്കാദമി പ്രതിനിധി ടി.വി. സിജു, സീനിയർ ബോക്‌സിംഗ് താരം കെ.പി. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.